'പാവപ്പെട്ട കുടുംബങ്ങൾക്ക് രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ'; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ
ആരോഗ്യ മേഖലയിൽ കേരളത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു

തിരുവനന്തപുരം: 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസിത കേരളത്തിനായുള്ള പ്രധാന വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന പ്രകടനപത്രിക എൻഡിഎ പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്നതാണ് പ്രകടനപത്രികയിൽ ശ്രദ്ധേയമായ വാഗ്ദാനം ചെയ്യുന്നു. ഓണത്തിനും ക്രിസ്‌മസിനും ഓരോന്ന് വീതമാണ് ഈ സൗജന്യ സിലിണ്ടറുകൾ ലഭ്യമാക്കുക.
പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്' നൽകും. ഇത് ഉപയോഗിച്ച് പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാൻ സാധിക്കും. കേരളത്തിലെ ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകുമെന്നും എൻഡിഎ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ, പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെൻഷനായി നൽകും. ആരോഗ്യ മേഖലയിൽ കേരളത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു.
ഗതാഗത മേഖലയിൽ വലിയ വികസനം ലക്ഷ്യമിട്ട് തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ മെട്രോ സർവീസുകൾ ആരംഭിക്കും. ക്ഷേത്ര ഭരണത്തിൽ ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വർധിപ്പിക്കുന്നതിനുമായി ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. കൂടാതെ, ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സമയബന്ധിതമായ സിബിഐ അന്വേഷണം നടത്തുമെന്നും എൻഡിഎ പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.
Adjust Story Font
16

