സുധാകരന്റെ എതിര്‍പ്പ് അവഗണിക്കാന്‍ എഐസിസി; പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കും
ആൻ്റോ ആൻ്റണിക്കാണ് മുൻതൂക്കമെങ്കിലും പ്രതീക്ഷിക്കാത്ത പല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്

ന്യൂഡല്‍ഹി:പുതിയ കെ പിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാൻ തയാറെടുത്ത് ഹൈക്കമാൻഡ് .നിലവിലെ അധ്യക്ഷൻ കെ.സുധാകരന്റെ എതിർപ്പ് അവഗണിക്കാനാണ് തീരുമാനം. ആന്റോ ആന്റണിയുടെ പേരിന് തന്നെയാണ് മുൻതൂക്കം.
കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ.സുധാകരനെ മാറ്റുന്നത് വളരെ കരുതലോടെയാണ്.സുധാകരൻ അനുകൂല പ്രകടനങ്ങൾ ഉണ്ടാകാൻ ഇടയില്ലെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന ഉറപ്പ്. തൃശൂർപൂരം നടക്കുമ്പോൾ പ്രഖ്യാപനം ഉണ്ടായാൽ വലിയതരത്തിലെ മാധ്യമ ശ്രദ്ധ ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം.
ആൻ്റോ ആൻ്റണിക്കാണ് മുൻതൂക്കമെങ്കിലും പ്രതീക്ഷിക്കാത്ത പല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. വിയോജിപ്പ് ശക്തമായാൽ, അന്തിമഘട്ടത്തിൽ റോജിഎം ജോൺ,സണ്ണി ജോസഫ് എന്നീപേരുകളിലേക്ക് വഴുതിമാറുമോ എന്നും സംസ്ഥാനഘടകം ഉറ്റുനോക്കുന്നുണ്ട്.
പുനഃസംഘടനയുടെ ഭാഗമായി പദവിയിൽ നിന്നും മാറേണ്ടി വരുമെന്ന് സുധാകരനെ സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നേരത്തേ അറിയിച്ചിരുന്നു.അഹമ്മദാബാദ് സമ്മേളനത്തിൻ്റെ ഭാഗമായിട്ടാണ് വിവരം കൈമാറിയത്. ഒഡീഷ,ഗുജറാത്ത് പിസിസി പ്രസിഡൻ്റുമാരെയും നീക്കി പുതിയ ആളുകളെ നിയോഗിച്ചിരുന്നു.എന്നാൽ മാറണമെന്ന ആവശ്യം ഹൈക്കമാൻഡ് തന്നോട് പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ ആവർത്തിക്കുന്നത്.എന്നാൽ ഇക്കാര്യം അവഗണിക്കാനാണ്ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ, കെപിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വത്തിൽ യുഡിഎഫ് ഘടകകക്ഷികൾക്കും ആശങ്കയുണ്ട്.കോൺഗ്രസിലെ പോര് ഗുണം ചെയ്യില്ലെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.അതിനാൽ അനിശ്ചിതത്വം വേഗത്തിൽ അവസാനിപ്പിക്കണമെന്നും സുധാകരനെ മാറ്റുമ്പോൾ ഒറ്റക്കെട്ടായി നയിക്കാൻ ശേഷിയുള്ള മുഖത്തെ തന്നെ അധ്യക്ഷനാക്കണമെന്നും ഘടകക്ഷികൾക്കിടയിൽ അഭിപ്രായമുണ്ട്.
ഇതിനിടയിലാണ് സുധാകരപക്ഷം നിലപാട് കടുപ്പിച്ചത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തെറ്റായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഹൈക്കമാറ്റിന് കൈമാറിയെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സുധാകര പക്ഷത്തിൻ്റെ ആരോപണം. അതിനാൽ കേരളത്തിന്‍റെ ചുമതലയിൽ നിന്നും ദീപ ദാസ് മുൻഷിയെ നീക്കണമെന്നാണ് സുധാകര പക്ഷത്തിന്റെ ആവശ്യം.ഇതിനിടയിൽ കോട്ടയത്തും കണ്ണൂരും സുധാകരനായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
അധ്യക്ഷ സ്ഥാനത്തേക്ക് തങ്ങൾ പേര് നിർദേശിച്ചെന്ന വാർത്തകളെ തള്ളി കത്തോലിക്കാ സഭ മുഖപത്രം ദീപികയും എത്തിയിരുന്നു.
Adjust Story Font
16

