Quantcast

സ്വർണക്കടത്ത് കേസ്: അന്വേഷണ ഏജൻസികൾക്കിടയിൽ തര്‍ക്കം

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡിയും എന്‍.ഐ.എയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    13 April 2021 1:54 PM GMT

സ്വർണക്കടത്ത് കേസ്: അന്വേഷണ ഏജൻസികൾക്കിടയിൽ തര്‍ക്കം
X

സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നത. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് എന്‍ഐഎ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് എന്‍ഫോഴ്സ്‍മെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‍മെന്റ്, എന്‍ഐഎ കോടതിയില്‍ നല്‍കിയ അപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി എതിർത്തു. എന്‍ഫോഴ്സ്മെന്റിനെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ.ഡിയും എന്‍.ഐ.എയും തമ്മിലാണ് കേസ് മാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായത്. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത് എന്‍.ഐഎ പ്രത്യേക കോടതിയിലുള്ള കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചാണ് ഇ.ഡി കൊച്ചിയിലെ എൻഐഎ കോടതിയില്‍ അപേക്ഷ നൽകിയത്. എന്‍ഐഎ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ വിചാരണ ഇ.ഡിയുടെ അധികാര പരിധിയുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണ് എൻഐഎ രജിസ്റ്റർ ചെയ്ത കേസെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

എന്നാല്‍ എൻഐഎ ഈ വാദങ്ങള്‍ എതിര്‍ക്കുകയായിരുന്നു. തങ്ങളുടെ കേസുകൾ വിചാരണ ചെയ്യേണ്ടത് എൻഐഎ കോടതിയിലെന്നാണ് എന്‍ഐഎയുടെ വാദം. എന്തിനാണ് ഇങ്ങനെയൊരു ഹർജിയുമായി വന്നതെന്ന് ഇ.ഡിയോട് കോടതിയും ചോദിച്ചു. ഹർജിയിൽ അടുത്തയാഴ്ച വീണ്ടും വാദം കേൾക്കും. ഇതിനിടെ സ്വപ്നയുടെ ശബ്ദരേഖ പുറത്തായത് സംബന്ധിച്ച് സ്വപ്നയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കാന്‍ ഇ.ഡി നല്‍കിയ ഹരജി വിധി പറയുന്നത് 16ആം തിയ്യതിയാണ്. ഇതിന് ശേഷം മാത്രമേ ഈ അപേക്ഷ കോടതി പരിഗണിക്കാവൂ എന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

TAGS :

Next Story