Quantcast

ക്ഷേമപെൻഷൻ വർധന: '3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല, മുടക്കമില്ലാതെ പെൻഷൻ നൽകാനുള്ള എല്ലാ നടപടിയും സ്വീകരിക്കും': മുഖ്യമന്ത്രി

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 24 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2026-06-22 07:55:43

Published:

22 Jun 2026 10:13 AM IST

ക്ഷേമപെൻഷൻ വർധന: 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല, മുടക്കമില്ലാതെ പെൻഷൻ നൽകാനുള്ള എല്ലാ നടപടിയും സ്വീകരിക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കുമെന്നും മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന്മേലുള്ള പൊതുചർച്ചയിൽ നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അർഹരായ പലയാളുകളും പുറത്ത് നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടത്. ഗുണഭോക്താക്കളുടെ കാര്യത്തിൽ അവശ്യമായ പരിശോധന നടത്തും. ലോസ് ആഞ്ചലസിൽ ഉള്ളയാൾ വിളിച്ച് തനിക്ക് പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അർഹരായ ചിലർ പട്ടികക്ക് പുറത്തും അനർഹർ പട്ടികക്കകത്തുമുള്ളത് പരിശോധിക്കും'. മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 24 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായി. യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ സർക്കാർ ആശുപത്രികൾ പൂട്ടിപ്പോകുമെന്നത് വിചിത്രമായ വാദമാണെന്നും യാതൊരു കാരണവശാലും ഇത്തരം വാദങ്ങൾ അംഗീകരിച്ചുനൽകാനാകില്ലെന്നും സതീശൻ പറഞ്ഞു.

'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സ്വകാര്യ, സർക്കാർ ആശുപത്രികളെ പങ്കാളികളാക്കും. സർക്കാർ എത്ര തുക പ്രീമിയമായി അടക്കുമെന്നത് കരാറിൽ ഏർപ്പെടുമ്പോഴാണ് തീരുമാനിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിലേറിയിട്ട് രണ്ട് മാസമല്ലേ ആയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ട് ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമേ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കൂ'. മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയിലെ സ്ത്രീ സൌജന്യ യാത്രാ പദ്ധതിക്കെതിരായ ആരോപണങ്ങളിലും മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായി. സംസ്ഥാനത്തെ ഓർഡിനറി ബസുകൾ ഫാസ്റ്റാക്കി മാറ്റിയെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം കള്ള പ്രചാരണമാണെന്നും വിഷയം പ്രതിപക്ഷ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൽ പ്രതിഷേധം അറിയിക്കുന്നെന്നും സതീശൻ പറഞ്ഞു. യു. പ്രദീപ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അതേസമയം, ഓർഡിനറി ഫാസ്റ്റാക്കി മാറ്റിയ ഏതെങ്കിലും സംഭവമുണ്ടെങ്കിൽ എഴുതിത്തരണമെന്നും പരിശോധിക്കാമെന്നും പ്രദീപിന് ഗതാഗതമന്ത്രി സി.പി ജോൺ മറുപടി നൽകി.

അതേസമയം, പകർച്ചവ്യാധികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും പ്രവർത്തനങ്ങളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ വരാതിരിക്കാനാണ് നോക്കുന്നതെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പകർച്ചവ്യാധികൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രി തലത്തിലും സർക്കാർ തലത്തിലും പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുണ്ടെന്നും ആഴ്ചയിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടർ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും യുഡിഎഫ് സർക്കാരിന്‍റെ ആദ്യമാസം ഭരണതർക്കങ്ങളും മറ്റും മാത്രമാണ് നടന്നതെന്നും മുഹമ്മദ് റിയാസ് എംഎൽഎ തിരിച്ചടിച്ചു. മാരക സ്വഭാവമുള്ള രോഗങ്ങൾ കേരളത്തിൽ സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അടുത്തതായി കേരളത്തിൽ എബോള സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിക്കുമോയെന്നാണ് അറിയേണ്ടതെന്നും റിയാസ് പരിഹസിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ കെ.മുരളീധരൻ നടത്തി പ്രസംഗം വായിച്ചുകൊണ്ടാണ് റിയാസ് പരിഹസിച്ചത്. കഴിഞ്ഞ പത്ത് വർഷത്തെ റീൽസും അഞ്ച് വർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന വലിയ പ്രതിസന്ധിയെന്നും തകർന്ന സിസ്റ്റത്തെ നേരാക്കിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു റിയാസിന്‍റെ പരിഹാസത്തിനുള്ള മുരളീധരന്‍റെ മറുപടി.

അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയത്. ആരോഗ്യമന്ത്രി ലാഘവത്തോടെയാണ് സംസാരിച്ചതെന്നും ഒരു പ്രശ്നവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

'നിപയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കിയത് കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ്. എരണം കെട്ടവർ ഭരിക്കുമ്പോൾ നിപ വന്നുവെന്നാണ് അന്നത്തെ അദ്ദേഹത്തിന്‍റെ ഭാഷ. രോഗത്തിന്‍റെ മാരകമായ പ്രഹരശേഷി കൊണ്ടാണ് മരണസംഖ്യ ഉയർന്നത്. സർക്കാരിന്‍റെ ബാധ്യതകൾ നിറവേറ്റേണ്ടുന്ന മന്ത്രി നിപ സ്ഥിരീകരണമുണ്ടായതിന് പിന്നാലെ കോഴിക്കോട്ട് വന്നിറങ്ങാൻ എത്ര സമയമാണെടുത്തത്? ഇത്രയും കാലതാമസം ഉണ്ടായതെന്ത് കൊണ്ടാണ്?' ആരോഗ്യമന്ത്രി ചെയ്യേണ്ട പല കാര്യങ്ങളും ചെയ്തില്ലെന്നും കാലവർഷത്തിന് മുൻപ് ചെയ്യേണ്ടുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ ന്യായീകരണങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും മതേതരത്വം തകർക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടതെന്നും മാത്യൂ കുഴൽനാടൻ എംഎൽഎ വിമർശിച്ചു. ഒരു വിരൽ ഞങ്ങൾക്ക് നേരെ ചൂണ്ടുമ്പോൾ ബാക്കി നാല് വിരൽ പ്രതിപക്ഷത്തിന് നേരെയാണെന്നും പിഎം ശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലേയെന്നും കുഴൽനാടൻ ചോദിച്ചു. കേരളത്തിന്‍റെ പൊതുബോധത്തിനെതിരെ പിഎം ശ്രീ കൊണ്ടുവന്നത് പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story