ജി. സുധാകരനെതിരായ അശ്ലീല പരാമർശം; സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ
അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം എം. മിഥുനെയാണ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരായ അശ്ലീല പരാമർശത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം എം. മിഥുനെയാണ് അറസ്റ്റ് ചെയ്തത്.
രമേശ് ചെന്നിത്തലയുടെ ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ചതിന്റെ പേരിലായിരുന്നു അധിക്ഷേപം. പിന്നാലെ സുധാകരന്റെ പരാതി നൽകിയിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മിഥുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ച ജി.സുധാകരൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് അധിക്ഷേപക്കുറിപ്പുമായി സിപിഎം ലോക്കൽ കമ്മറ്റി അംഗം മിഥുൻ അമ്പലപ്പുഴ എത്തിയത്. മുതിർന്ന നേതാവിനെ പരസ്യമായി അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചിട്ടും ലോക്കൽ കമ്മറ്റി അംഗത്തോട് ഒരു വിശദീകരണം പോലും പാർട്ടി നേതൃത്വം തേടിയിട്ടില്ല. മുമ്പും സുധാകരനെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല. അവരെയും സംരക്ഷിക്കുന്ന സമീപനമായിരുന്നു അന്നും പാർട്ടി സ്വീകരിച്ചത്. ഇതേ സമയം വിവിധ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം തുറന്നു പറയുകയാണ് ജി.സുധാകരൻ. പാർട്ടിയിലെ പോളിറ്റിക്കൽ ക്രിമിനലുകൾക്കും ലഹരി മാഫിയക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിരുന്നു.
Adjust Story Font
16

