Quantcast

'ഒരു വിഭാഗം പാർട്ടി താൽപ്പര്യങ്ങള്‍ക്ക് പ്രാധാന്യം നൽകുന്നു, മറ്റൊരു കൂട്ടർ ഒരു കുടുംബത്തിനും'; വിമർശനവുമായി പ്രധാനമന്ത്രി

ചിലർക്ക് താൽപര്യം സ്വർണ്ണക്കടത്തിലാണെന്നും അതിനായി അവർ അവസരം കണ്ടെത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-04-24 17:28:38.0

Published:

24 April 2023 1:48 PM GMT

One group gives importance to the party, another group to a family; Prime Minister with criticism
X

നരേന്ദ്രമോദി

എറണാകുളം: സി.പി.എമ്മിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ആശയ ഗതികൾ തമ്മിലുള്ള സംഘർഷമാണ് കേരളത്തിൽ നടക്കുന്നത്. ഒരു കൂട്ടർ കേരളത്തിന്റെ താൽപ്പര്യത്തേക്കാൾ കൂടുതൽ പാർട്ടി താൽപ്പര്യങ്ങള്‍ക്ക് പ്രാധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന്റെ താൽപ്പര്യങ്ങൾക്കും പ്രാധാന്യം നൽകുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കൊച്ചിയിൽ യുവം കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസും സിപിഎമ്മും കേരളത്തിലെ യുവാക്കളുടെ അവസരങ്ങൾ നിഷേധിക്കുകയും അവരെ കുരുതികൊടുക്കുകയുായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഈ രണ്ട് ആശയ ഗതികളെയും പരാജയപ്പെടുത്തേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുകയായിരുന്നു ഇരുകൂട്ടരും. ചിലർക്ക് താൽപര്യം സ്വർണ്ണക്കടത്തിലാണെന്നും അതിനായി അവർ അവസരം കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി യുവം കോൺക്ലേവ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് തുടങ്ങിയത്. ഒരു ദൗത്യം ഊർജസ്വലമാകുന്നത് യുവാക്കളിലെത്തുമ്പോഴാണ്. കേരളത്തിലെത്തുമ്പോൾ തനിക്ക് കൂടുതൽ ഊർജം ലഭിക്കുന്നു. നാട് അമൃത കാലത്തേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. യുവം എന്ന പേരിൽ യുവത ഒന്നിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

''കേരളത്തിലെ യുവാക്കൾ ഉത്തരവാദിത്തം നിർവഹിക്കാൻ മുന്നോട്ടു വന്നിരിക്കുന്നു, ഇന്ന് ലോകം ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുകയാണ്. ലോകത്തെ മാറ്റിമറിക്കാൻ അതിന് ശക്തിയുണ്ട്. നമ്മുടേത് അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. നാടിന്റെ വികസന സങ്കൽപം നിറവേറ്റാൻ കേരളത്തിലെ യുവാക്കൾ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഈ സർക്കാർ യുവാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്ന സർക്കാറാണ്'' - പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുൻ സർക്കാറുകൾ കുംഭകോണങ്ങളാൽ അറിയപ്പെട്ടെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ഈ സർക്കാർ യുവാക്കൾക്കുള്ള അവസരങ്ങള്‍ സൃഷ്ടിച്ച സർക്കാറാണ്. ബഹിരാകാശമേഖലയിൽ, പ്രതിരോധ മേഖലയിലെല്ലാം യുവാക്കൾക്ക് അവസരം സൃഷ്ടിച്ചു. കയറ്റുമതി വർധിപ്പിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അടിസ്ഥാന വികസനം എത്രത്തോളം പ്രാധാന്യമുളളതാണെന്ന് കേരളത്തിലെ ചെറുപ്പക്കാർക്കറിയാം. കണ്ണൂർ, കൊച്ചി എയർ പോർട്ട് വികസനവും കൊച്ചി മെട്രോ വികസനത്തിനായുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാർ യുവാക്കളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാറാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കേന്ദ്രസേനയിലേക്കുള്ള പരീക്ഷ മലയാളി യുവാക്കൾക്ക് മാതൃ ഭാഷയിൽ ഇനി എഴുതാമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ യുവാക്കള്‍ സ്വയം പര്യാപ്തരാകണമെന്നാണ് കേന്ദ്ര സർക്കാർ താൽപ്പര്യം. സമുദായത്തിന്റെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ വിഭജനം ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്നും പ്രധാനമന്ത്രി വിശദമാക്കി.

അതേസമയം സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് കഷ്ടതകള്‍ അനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ കാവേരി നടപ്പാക്കുകയാണെന്നും അതിന്റെ ചുമതല വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഏൽപ്പിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. വരും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് നേട്ടംകൊയ്യാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് പ്രധാനമന്ത്രി വേദി വിട്ടത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണെങ്കിലും ഗോവയിലാണെങ്കിലും ബിജെപിയെ പിന്തുണച്ച സമുദായങ്ങളുണ്ട്. ആ പിന്തുണ കേരളത്തിലുമുണ്ടാകും എന്ന പ്രതീക്ഷയുണ്ട്. മതത്തിന്റെയും സമുദായത്തിന്റെയും അതിർത്തി ഭേദിച്ചുള്ള മാറ്റം കേരളത്തിലുമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story