പാറശ്ശാല ഷാരോൺ രാജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്
ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ രാജ് വധക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും അമ്മാവനുമായ നിർമൽകുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻക്കര അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിക്കും. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.
2022 ഒക്ടോബറിലാണ് ചികിത്സയ്‍ക്കിടെ ഷാരോണ്‍ മരിക്കുന്നത്. പെണ്‍സുഹൃത്ത് പാറശ്ശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ(22) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. സൈനികനുമായി നിശ്ചയിച്ച വിവാഹത്തെ തുടര്‍ന്ന് ഗ്രീഷ്മ ഷാരോണിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.
ഗ്രീഷ്മയ്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തിലാണു ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടത്.
ഇന്ന് 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും.
Summary: Parassala Sharon Raj murder case verdict today
Adjust Story Font
16

