ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍: പിണറായി
'എന്നാല്‍, കോണ്‍ഗ്രസ് രാജ്യവ്യാപകമായി ബിജെപിക്ക് അവസരമൊരുക്കുന്ന നിലയാണ് സ്വീകരിക്കുന്നത്': പിണറായി

മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല, ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍, കോണ്‍ഗ്രസ് രാജ്യവ്യാപകമായി ബിജെപിക്ക് അവസരമൊരുക്കുന്ന നിലയാണ് സ്വീകരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥത ഇല്ലെന്നും പിണറായി ആരോപിച്ചു.
ഇന്‍ഡ്യാ മുന്നണിയുടെ രൂപീകരണത്തില്‍ ഇടതുപക്ഷം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അധികാരത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ മുന്നണിയുടെ തുടക്കം മുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചില വിട്ടുവീഴ്ചകള്‍ ചെയ്യുക എന്നതാണ് മുന്നണിയില്‍ പ്രധാനം. എന്നാല്‍, കോണ്‍ഗ്രസ് കാണിച്ച കടുംപിടുത്തം ചിലരെ അകറ്റാന്‍ ഇടയാക്കി. അത് കൊണ്ട് ഇന്‍ഡ്യ മുന്നണിയുടെ കൂടെ വരേണ്ടവര്‍ ബിജെപിക്കൊപ്പം പോയി. ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്‍ഡ്യാ മുന്നണിക്ക് രൂപം കൊടുത്തത്. ആ മുന്നണി രൂപീകരണം തെറ്റായിപ്പോയി എന്നു പറയാന്‍ കഴിയില്ല. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാന്‍ കാരണം ഇന്‍ഡ്യാ മുന്നണിയാണ്. ശക്തമായ പ്രതിപക്ഷ ബ്ലോക്ക് ഉണ്ടാക്കാന്‍ മുന്നണി സഹായിച്ചു. ബിജെപിയെ നേരിടുന്നതില്‍ കരുത്തു വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. ഇന്‍ഡ്യാ മുന്നണിയെ തകര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹരിയാനയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് സങ്കുചിത താല്‍പര്യമായിരുന്നു പ്രധാനം. കോണ്‍ഗ്രസ് കാണിച്ച ദുര്‍വാശിയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള പ്രയാസവുമാണ് ബിജെപിക്ക് സഹായകമായത് -പിണറായി പറഞ്ഞു.
രാജ്യസഭാ അംഗമായിരിക്കേയാണ് കെ.സി വേണുഗോപാല്‍ ആലപ്പുഴ മത്സരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ രാജ്യസഭാ സീറ്റ് ബിജെപിക്കു കിട്ടുമെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു. ഡല്‍ഹിയില്‍ എഎപി ആണ് ബിജെപിയെ സമര്‍ത്ഥമായി നേരിട്ടത്. ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളോട് രാജ്യവ്യാപകമായി കേന്ദ്രം സ്വീകരിക്കുന്ന സമീപനമുണ്ട്. അന്വേഷണ ഏജന്‍സികളെ വിട്ട് അവരെ നേരിടുകയാണ് ചെയ്യുന്നത്. എഎപി നേതാവ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോള്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഈ നിലപാട് എഎപിയെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിക്ക് സഹായകമായി. കോണ്‍ഗ്രസ് കൊടുത്ത പരാതിയാണ് ബിജെപിയെ സഹായിച്ചത്. തെരഞ്ഞെടുപ്പു വന്നപ്പോള്‍ എഎപിയുടെ കൂടെ കോണ്‍ഗ്രസ് നിന്നില്ല.
ബിജെപി വിരുദ്ധ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് വിള്ളല്‍ വീഴ്ത്തുകയാണ്. ഡിഎംകെയുടെ കാര്യത്തില്‍ സാമാന്യ യുക്തിക്കു ചേരാത്ത കാര്യം കോണ്‍ഗ്രസ് കാണിച്ചു. പരസ്പര ചര്‍ച്ച ഇല്ലാതെയാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മുന്നണി മാറിയത്. ഇടതുപക്ഷം മര്യാദ പാലിച്ചാണ് നിലപാട് എടുത്തത്. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന ബിജെപി രാഷ്ട്രീയ അജണ്ടയുടെ കൂടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. അതിന് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കള്‍ തന്നെ ഇടതുപക്ഷത്തെ ആക്രമിക്കുന്നു. ബിജെപി സര്‍ക്കാര്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ നടപടി എടുത്തു. കേന്ദ്ര ഏജന്‍സികള്‍ അവരെ ചോദ്യംചെയ്തപ്പോള്‍ ശക്തമായി ഇടതുപക്ഷം എതിര്‍ത്തു. രാഹുലിന്റെ എംപി സ്ഥാനം അയോഗ്യമാക്കാന്‍ നീക്കം നടന്നപ്പോള്‍ ഇടതുപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചപ്പോള്‍ ഇടതുപക്ഷം എതിര്‍ത്തു.
കോണ്‍ഗ്രസ് രാജ്യവ്യാപകമായി ബിജെപിക്ക് അവസരമൊരുക്കുന്ന നിലയാണ് സ്വീകരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥത ഇല്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഓരോ നടപടിയും സംഘപരിവാര്‍ അജണ്ടകള്‍ക്ക് കീഴ്‌പ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. സത്യപ്രതിജ്ഞയിലെ വന്ദേ മാതരം മുതല്‍ ഇത് കാണാം. സംഘപരിവാര്‍ സംഘടനാ നേതാവിനെ എംജി വിസി ആയി നിയമിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ശബ്ദം ഉയര്‍ത്തിയോ. എന്നിട്ട്, എല്‍ഡിഎഫ് സര്‍ക്കാരാണ് ഉത്തരവാദി എന്ന് പറയുന്നു. കേരളത്തെ പിറകോട്ട് നയിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
Adjust Story Font
16

