Quantcast

'മലപ്പുറം വർഗീയ ശക്തികൾക്ക് വളരാൻ ഇടമാകുമെന്നാണ് പറഞ്ഞത്, ചിലരതിനെ തെറ്റായി വ്യാഖ്യാനിച്ചു'; നന്ദകുമാറിനെ പിന്തുണച്ച് പിണറായി വിജയൻ

വർഗീയതയ്‌ക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ ഇത്തരം ദുഷ്പ്രചാരണങ്ങൾ വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2026-10-04 14:58:30

Published:

4 Oct 2026 8:18 PM IST

മലപ്പുറം വർഗീയ ശക്തികൾക്ക് വളരാൻ ഇടമാകുമെന്നാണ് പറഞ്ഞത്, ചിലരതിനെ തെറ്റായി വ്യാഖ്യാനിച്ചു; നന്ദകുമാറിനെ പിന്തുണച്ച് പിണറായി വിജയൻ
X

തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ പൊന്നാനി മുൻ എംഎൽഎ പി.നന്ദകുമാർ നടത്തിയ വർഗീയ പരാമർശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പോർച്ചുഗീസുകാർക്കും ബ്രിട്ടീഷുകാർക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച് പോരാടിയ ധീര ചരിത്രമുള്ള മണ്ണാണ് മലപ്പുറമെന്നും, വർഗീയ ശക്തികൾക്ക് വളരാൻ മലപ്പുറം ഇടമാകരുതെന്ന അർത്ഥത്തിൽ നന്ദകുമാർ പറഞ്ഞ കാര്യങ്ങളെ ബോധപൂർവ്വം വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്‌ക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ ഇത്തരം ദുഷ്പ്രചാരണങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആർഎസ്എസും ബിജെപിയും നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരുന്നുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, വഖഫ് ബോർഡ് വിഷയത്തിലും വന്ദേമാതരം ആലാപനത്തിലും ആർഎസ്എസ് അജണ്ടകളാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന് കുറ്റപ്പെടുത്തി. പിഎം ശ്രീ പദ്ധതിയിലൂടെയുള്ള കാവിവൽക്കരണ നീക്കങ്ങളെ നേരത്തെ എൽഡിഎഫ് ചെറുത്തുതോൽപ്പിച്ചിരുന്നുവെങ്കിലും, നിലവിൽ കൃത്യമായ നിലപാട് എടുക്കാതെ സർക്കാർ മാറിനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

'രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എസ്ഐആർ അട്ടിമറിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആഎസ്എസ്-ബിജെപി നിലപാടുകൾ നടപ്പാക്കുന്ന വെറും സംവിധാനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിക്കഴിഞ്ഞു.' പിണറായി കുറ്റപ്പെടുത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിനിടെ ഇടതു നേതാക്കളെ ഡൽഹി പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ഗ്യാനേഷ് കുമാറിനെ ആർക്കും സംരക്ഷിക്കാനാകില്ലെന്നും രാജ്യത്ത് വലിയ ജനരോഷമാണ് ഇതിനെതിരെ രൂപപ്പെടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ എസ്എഫ്ഐ-പൊലീസ് സംഘർഷത്തിൽ പൊലീസിനെതിരെയും കോൺഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് വിമർശനമുന്നയിക്കുകയുണ്ടായി.

'കത്തിച്ച പന്തം ഹോസ്റ്റലിലേക്ക് എറിഞ്ഞാണ് സംഘർഷത്തിന് തുടക്കമിട്ടത്. കോൺഗ്രസും പൊലീസും ചേർന്ന് എസ്എഫ്ഐ പ്രവർത്തകരെ വേട്ടയാടുകയാണ്. സംഭവം അടിയന്തരാവസ്ഥ കാലത്തെയാണ് ഓർമ്മപ്പെടുത്തുന്നത്. പരാതി നൽകിയ എസ്എഫ്ഐ പ്രവർത്തകന്റെ വീട്ടിൽ സിഐ റെയ്ഡ് നടത്തുകയും പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയും മോശമായി കമന്റ് ഇടുകയും ചെയ്തു'. ഉത്തരവാദിത്തം മറന്നുള്ള പൊലീസിന്റെ ഈ ധിക്കാരം ജനം പൊറുക്കില്ലെന്നും തെറ്റായ നിലപാടെടുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story