Quantcast

'തെളിവ് പുറത്തുവന്നതിന് ശേഷം ഒരാളെ കാണാനില്ല' മലയാളം സർവകലാശാല ഭൂമി ഇടപാടിൽ ജലീലിനെതിരെ പരോക്ഷ വിമർശനവുമായി പി.കെ ഫിറോസ്

മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ ഇടപാടിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകൾ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-09-17 03:41:47.0

Published:

17 Sept 2025 9:10 AM IST

തെളിവ് പുറത്തുവന്നതിന് ശേഷം ഒരാളെ കാണാനില്ല മലയാളം സർവകലാശാല ഭൂമി ഇടപാടിൽ ജലീലിനെതിരെ പരോക്ഷ വിമർശനവുമായി പി.കെ ഫിറോസ്
X

കോഴിക്കോട്: മലയാളം സർവകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.ടി ജലീലിനെതിരെ പരോക്ഷ വിമർശനവുമായി പി.കെ ഫിറോസ്. സർവകലാശാലയുമായി ബന്ധപ്പെട്ട ഭൂമിതട്ടിപ്പിൽ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വന്നതിന് ശേഷം ഒരാളെ കാണാനില്ല എന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. മലയാളം സർവകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഫിറോസും ജലീലും നിരന്തരമായി സോഷ്യൽ മീഡിയയിലും പുറത്തും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്.

മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ ഇടപാടിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകൾ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു. 2017ൽ നിർത്തിവെച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചതെന്ന് പി.കെ ഫിറോസ് പറഞ്ഞു.

സ്ഥലം ഏറ്റെടുപ്പിന് ഫണ്ട് അനുവദിക്കാൻ മന്ത്രിസഭയിൽ വെച്ച നോട്ടിൻ്റെയും 2017ൽ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചതിൻ്റെയും രേഖകളാണ് ഫിറോസ് പുറത്തു വിട്ടത്. മലയാളം സർവകലാശാലക്ക് ഏറ്റെടുക്കേണ്ട ഭൂമിക്ക് വില നിശ്ചയിച്ചത് മുതൽ നിർണായക തീരുമാനങ്ങൾ എടുത്തത് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതലാണെന്ന് ഫിറോസ് പറഞ്ഞു.

പി.കെ ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

കണ്ടവരുണ്ടോ?

ഞാൻ ഒരു പത്രസമ്മേളനം നടത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കിൽ പോസ്റ്റിട്ടാൽ മിനുറ്റുകൾക്കുള്ളിൽ മറുപടി നൽകിയിരുന്ന ഒരാളെ ഇന്നലെ മുതൽ കാണാനില്ല. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പിൽ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്.

കണ്ട് പിടിക്കാനുള്ള അടയാളങ്ങൾ;

മുസ്‌ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിൻ്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിൻ്റെ പകയും നിരാശയും മുഖത്ത് കാണാം. പിടിക്കപ്പെടുമെന്നുറപ്പായാൽ ഖുർആൻ ഉയർത്തിക്കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കും. കണ്ടെത്തുന്നവർ ഉടനെ അറിയിക്കുക.

മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്😜

TAGS :

Next Story