Quantcast

വിജയത്തിന്റെ നിറം കെടുത്തുന്ന പ്രവർത്തനങ്ങൾ യുഡിഎസ്എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്: പി.കെ നവാസ്

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധ കാമ്പസുകളിൽ എംഎസ്എഫും കെഎസ് യുവും പരസ്യ പോർവിളിയും അധിക്ഷേപവുമായി രം​ഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവാസിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    9 Oct 2025 11:04 PM IST

MSF against minority scholarship cuts
X

കോഴിക്കോട്: മൂന്നാം തവണയും കാലിക്കറ്റ് സർവകലാശാല യുഡിഎസ്എഫ് മുന്നണിക്ക് ഭരിക്കാൻ കഴിയുന്ന സന്തോഷകരമായ ഫലമാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എന്നാൽ ഇതിന്റെ പ്രഭ കെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് യുഡിഎസ്എഫ് പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് നവാസ് പറഞ്ഞു.

സ്വന്തം മുന്നണിയിലെ സിപിഐയുടെ വിദ്യാർഥി സംഘടനയെ കിട്ടുന്നിടത്തെല്ലാം തല്ലി മെതിക്കുന്ന എസ്എഫ്‌ഐ സംസ്‌കാരത്തിലേക്കല്ല, രാഹുൽ ഗാന്ധിയും പാണക്കാട് തങ്ങളും പകർന്നു നൽകുന്ന വിശാല കാഴ്ചപ്പാടിലേക്കാണ് പ്രവർത്തകർ കടന്നുവരേണ്ടത്. ഒരുമിച്ചും, ഒറ്റക്കും, നേർക്കുനേരും, മത്സരിക്കുന്ന നിരവധി ക്യാമ്പസുകൾ ഉണ്ട്. അവയെല്ലാം പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിലായി സംഭവിക്കാറുമുണ്ട്. അത് അവിടുത്തെ മതിൽകെട്ടിൽ തീരേണ്ടതാണ്.

ശത്രു ആരാണെന്ന് ബോധ്യമുള്ളവരാവണം യുഡിഎസ്എഫ് പ്രവർത്തകർ. ആ ബോധ്യം കൊണ്ടാണ് സാധ്യമാകുന്ന ഇടങ്ങളിലെല്ലാം ഒന്നിച്ച് നിന്നുകൊണ്ട് ക്യാമ്പസുകളിലെ ഏകാധിപതികളായ വർഗീയത കൊണ്ട് കുളംകലക്കുന്ന സംഘത്തെ പടിക്ക് പുറത്താക്കാൻ കഴിയുന്നത്. ശത്രുക്കൾ കിനാവ് കാണുന്നതിനല്ല കേരളത്തിലെ വിദ്യാർഥി സമൂഹത്തിന്റെ കിനാവുകൾക്ക് നിറം നൽകാനാണ് പരിശ്രമിക്കേണ്ടത്. തിരുത്തേണ്ടത് തിരുത്തിയും മാറ്റം വരേണ്ടത് മാറ്റം വരുത്തിയും മുന്നോട്ട് പോകണമെന്നും നവാസ് പറഞ്ഞു.

എംഎസ്എഫ് ഒറ്റക്ക് ജയിച്ച വയനാട് മുട്ടിൽ ഡബ്ലിയുഎംഒ കോളജിൽ ടി.സിദ്ദീഖിനും ഐ.സി ബാലകൃഷ്ണനും മുന്നറിയിപ്പ് നൽകുന്ന ബാനൽ എംഎസ്എഫ് ഉയർത്തിയിരുന്നു. കെഎസ്‌യു ജയിച്ച കൊടുവള്ളി കെഎംഒ കോളജിൽ എംഎസ്എഫിനെ വർഗീയ സംഘടനയായി ചിത്രീകരിച്ചായിരുന്നു ബാനർ. ഇത് വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് നവാസിന്റെ പ്രതികരണം.

TAGS :

Next Story