Quantcast

പിഎം ശ്രീ; മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകും

പദ്ധതി വിശദമായി പഠിക്കാനാണ് സമിതി. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും

MediaOne Logo

Web Desk

  • Updated:

    2026-06-17 05:27:36

Published:

17 Jun 2026 7:28 AM IST

പിഎം ശ്രീ; മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകും
X

തിരുവനന്തപുരം: പിഎം ശ്രീയിൽ നാലംഗ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകി സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ, മന്ത്രിമാരായ എം.ലിജു, പി.സി വിഷ്ണു നാഥ് എന്നിവർ സമിതി അംഗങ്ങളാണ്. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച തുടർനടപടികൾ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമാകും തീരുമാനിക്കുക. പദ്ധതി വിശദമായി പഠിക്കാനാണ് സമിതി. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കും.

അതേസമയം, അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ചർച്ചയാകും. വി.ഡി സതീശൻ സർക്കാർ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിന് മുൻപുള്ള അവസാന മന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്.


പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും, പദ്ധതിയിലെ കേന്ദ്ര സർക്കാരിന്‍റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും മന്ത്രി എൻ.ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. മുൻ എൽഡിഎഫ് സർക്കാരാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നും, മന്ത്രിയെന്ന നിലയിൽ തനിക്ക് ഒറ്റയ്ക്ക് ഇതിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് മേൽ കേന്ദ്രം നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് മന്ത്രി ഷംസുദ്ദീൻ പറയുന്നത്. ഫെഡറൽ സംവിധാനത്തിന് നിരക്കാത്ത ഈ നടപടികളോടുള്ള രാഷ്ട്രീയ വിയോജിപ്പ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. പൂർണമായി പിന്മാറണം എന്ന് വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിലുള്ള ഒരു കരാർ എന്ന നിലയിൽ ഇതിൽ എന്ത് തുടർനടപടി സ്വീകരിക്കണം എന്നതിൽ യുഡിഎഫ് മുന്നണിയിൽ നയപരമായ ചർച്ചകൾ ആവശ്യമാണ്. മുന്നണിയിൽ ആലോചിച്ച ശേഷം മാത്രമേ സർക്കാരിന് അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.



TAGS :

Next Story