Quantcast

പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവിറങ്ങി

സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം

MediaOne Logo

Web Desk

  • Updated:

    2026-06-20 11:38:16

Published:

20 Jun 2026 4:49 PM IST

പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവിറങ്ങി
X

തിരുവനന്തപുരം: പിഎം ശ്രീയിൽ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. സിലബസ് തയ്യാറാക്കൽ, സ്കൂളുകളുടെ തെരഞ്ഞെടുപ്പ് എന്നീ അവകാശങ്ങൾ നിലനിർത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമോയെന്ന് ഉപസമിതി പരിശോധിക്കും. ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. എൻ.ഷംസുദ്ദീൻ, എം.ലിജു, റോജി എം.ജോൺ, പി.സി വിഷ്ണുനാഥ് എന്നിവരാണ് അംഗങ്ങൾ.

നേരത്തെ, രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി കഴിഞ്ഞതിനാലാണെന്നാണ് പുതിയ സമിതിയെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും നിലവിൽ കേരളം അതിൽ ഒരംഗമാണെന്നും സതീശൻ പ്രസ്താവിക്കുകയുണ്ടായി. കേരളത്തിന്‍റെ അവകാശങ്ങൾ ബലി കഴിപ്പിക്കാതെയും വർഗീയ അജണ്ടയില്ലാതെയും പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സിപിഎം, എൽഡിഎഫ് പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നതായി മുൻ സർക്കാർ അറിയിച്ചിരുന്നെന്നും എന്നാൽ, തുടർനടപടികൾ സ്വീകരിച്ചില്ലെന്നുമുള്ള വിവരങ്ങളടങ്ങിയ കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്‍റെ പകർപ്പ് അൽപ്പസമയങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. മെയ് എട്ടിന് കേന്ദ്രസർക്കാർ അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിൽ അനാവശ്യമായ കാലതാമസം ഉണ്ടാകാൻ ഇത് കാരണമായെന്നും വിമർശനമുണ്ട്. മുൻ സർക്കാരിന് സ്കൂളുകൾ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് പദ്ധതി നടപ്പാക്കണമെന്നും കേന്ദ്രം കത്തിൽ നിർദേശിച്ചിരുന്നു.

ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സർക്കാർ തുടർനടപടികൾ സ്വീകരിച്ചത്. മുൻ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിനാൽ പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്നാണ് യുഡിഎഫ് സർക്കാരിന്‍റെ വാദം.

TAGS :

Next Story