'മണിയന്‍പിള്ള രാജുവിന്‍റെ കാറാണ് അപകടമുണ്ടാക്കിയത് എന്നറിഞ്ഞിട്ടും നടപടിയെടുത്തില്ല'; പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം
രാത്രി നടനെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ല

തിരുവനന്തപുരം: നടന്‍ മണിയൻപിള്ള രാജുവിന്റെ വാഹനമിടിച്ച് യുവാക്കൾക്ക് പരിക്ക് പറ്റിയ സംഭവത്തിൽ പൊലീസ് വീഴ്ച ഉണ്ടായെന്ന് ആക്ഷേപം. അപകടം ഉണ്ടായത് മണിയൻപിള്ള രാജുവിന്റെ കാറടിച്ച് ആണെന്ന് മനസിലാക്കിയിട്ടും രാത്രി നടനെയോ വാഹനമോ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ല. ട്രിവാൻഡ്രം ക്ലബ്ബിൽ ഉണ്ടായിരുന്നവരാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചതെന്ന് മണിയൻപിള്ള രാജുവിന്റെ സുഹൃത്ത് പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വച്ച് നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാറിടിച്ച് അപകടം ഉണ്ടായത്. യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സിസിടിവി പരിശോധിച്ച പൊലീസിന് വാഹനം മണിയൻപിള്ള രാജുവിന്റേതാണെന്ന് മനസിലായി. പൊലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു.
എന്നാൽ തുടർന്നുള്ള സമയങ്ങളിൽ പൊലീസും മറ്റു പരിശോധന ഒന്നും നടത്തിയില്ല. മണിയൻപിള്ള രാജുവിനെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. രാത്രി 12 മണിയോടെയാണ് ഒരു അഭിഭാഷകൻ സ്റ്റേഷനിലേക്ക് വിളിച്ച് മണിയൻപിള്ള രാജു രാവിലെ ഹാജരാകുമെന്ന് അറിയിച്ചത്. മണിയൻപിള്ള രാജു മദ്യപിച്ചു എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു എന്നാണ് സൂചന. മണിയൻപിള്ള രാജു മദ്യപിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇക്കാര്യത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് ഉയർന്ന ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട്.
Adjust Story Font
16

