Quantcast

രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

യുവ നടിയുടെ പരാതിയില്‍ മാര്‍ച്ച് 31ന് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    21 Jun 2026 11:36 AM IST

രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
X

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഓണ്‍ലൈനായാണ് കുറ്റപത്രം സമര്‍പ്പിക്കുക. യുവ നടിയുടെ പരാതിയില്‍ മാര്‍ച്ച് 31നാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

സിനിമാ ലൊക്കേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവയ്ക്കല്‍, അശ്ലീല ആംഗ്യം കാണിക്കല്‍ എന്നീ നാലു വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സിനിമയുടെ സെറ്റില്‍ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നല്‍കിയെങ്കിലും ഇവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നല്‍കുകയായിരുന്നു.

നേരത്തേ രഞ്ജിത്തിനെതിരെ രണ്ട് പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. 'പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യ പരാതി. 2009ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മജിസ്‌ട്രേട്ട് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു. തന്നെ ബെംഗളുരുവില്‍ വച്ച് പീഡിപ്പിച്ചുവെന്നു കാട്ടി കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയായിരുന്നു രണ്ടാമത്തെ കേസ്. ഈ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.

TAGS :

Next Story