Quantcast

'ഇരുട്ടടിയും പാൽക്കൊള്ളയും'; സംസ്ഥാനത്ത് പാൽ വില വർധനയും പവർ കട്ടും പ്രഖ്യാപിച്ചത് ഒരേദിവസം

ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് പവർ കട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചത്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-04-28 14:26:59.0

Published:

28 April 2026 6:31 PM IST

ഇരുട്ടടിയും പാൽക്കൊള്ളയും; സംസ്ഥാനത്ത് പാൽ വില വർധനയും പവർ കട്ടും പ്രഖ്യാപിച്ചത് ഒരേദിവസം
X

തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ടും പാൽ വില വർധനയും പ്രഖ്യാപിച്ചത് ഒരേ ദിവസം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക.

നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ഇത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നൽകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ആവശ്യകതയും വിതരണവും തമ്മിലുള്ള വലിയ വ്യത്യാസം നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം അനിവാര്യമായി വന്നതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിൽ എത്തിയതും ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവുമാണ് നിയന്ത്രണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ. വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകിയതും ഇന്നാണ്. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് സാധ്യത. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു. ആദ്യം നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലാത്തതിനാൽ വീണ്ടും ആവശ്യപ്പെടുമെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തീരുമാനം വൈകുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയുമായി എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പട്ടം മിൽമ ആസ്ഥാനത്ത് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ആറ് മാസം മുമ്പ് ബോർഡ് തീരുമാനമെടുത്തിരുന്നെന്നും ഇത് ഉടൻ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാർ അനുമതി നിഷേധിച്ചിരുന്നത്.

TAGS :

Next Story