'വനാവകാശ നിയമപ്രകാരം ദുര്‍ബലരായ ഗോത്രവിഭാഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അവകാശങ്ങള്‍ ഉറപ്പാക്കണം'; സർക്കാരിന് കത്തയച്ച് പ്രിയങ്ക ഗാന്ധി
പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.കേളുവിനാണ് പ്രിയങ്കയുടെ കത്ത്

വയനാട്: 2006ലെ വനാവകാശ നിയമം നടപ്പിലാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി കേരളത്തിലെ ദുര്‍ബലരായ ഗോത്രവിഭാഗങ്ങള്‍ക്ക് വനാവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ആദിവാസി ഗോത്രങ്ങളിലെ ജനങ്ങള്‍ക്ക് വനാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെന്ന് വ്യക്തമാക്കി പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി ഒ.കേളുവിനാണ് പ്രിയങ്കയുടെ കത്ത്.
വനാവകാശങ്ങൾ അവഗണിക്കുന്നതിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുമപ്പുറം ഗോത്രജനവിഭാഗങ്ങളുടെ സംസ്‌കാരം, ജൈവവൈവിധ്യം, ഉപജീവനം എന്നിവയെ കൂടിയാണ് ബാധിക്കുന്നത്. ഭൂമി കയ്യേറ്റം, വനനശീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയും ഗോത്രസമൂഹത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കാട്ടുതീ, വന്യജീവി ആക്രമണം പോലുള്ള മറ്റനേകം ഭീഷണികളെയും നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന ഇവരെ സംബന്ധിച്ചിടത്തോളം ഓരോ ദിനവും തള്ളിനീക്കുന്നത് വളരെ പ്രയാസത്തിലാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഗോത്രവാസികളുടെ ക്ഷേമത്തിനായി നിരവധി സര്‍ക്കാരുകള്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍, വനാവകാശങ്ങളെയും നിയമങ്ങളെയും കുറിച്ച് പരിജ്ഞാനമില്ലാത്തത് കാരണം ഈ പദ്ധതികളൊക്കെയും പാതിവഴിയില്‍ മുടങ്ങിപ്പോകുകയാണുണ്ടായതെന്നും പ്രിയങ്ക കത്തില്‍ ഓര്‍മിപ്പിച്ചു.
നിയമാനുസൃതം തങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളുണ്ടെന്നും അത് സംരക്ഷിക്കുന്നതിനായി എന്തെല്ലാം ചെയ്യണമെന്നും ഇവരെ ബോധ്യപ്പെടുത്തുന്നതിനായി പരിശീലന ക്ലാസുകള്‍ നടത്തണമെന്ന നിർദേശം പ്രിയങ്ക മുന്നോട്ടുവെച്ചു. നിലമ്പൂരിലെ ചോലനായ്ക്കന്‍ ഗോത്രത്തെ അടുത്തിടെ സന്ദര്‍ശിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

