Quantcast

പൊന്നാനിയിലെ പരസ്യ പ്രതിഷേധം: സിദ്ദിഖിനെ തരംതാഴ്ത്തി; മലപ്പുറത്ത് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി

പെരിന്തൽമണ്ണയിലെ തോൽവിയുമായി ബന്ധപ്പെട്ട് സി ദിവാകരനെയും വി ശശികുമാറിനെയും തരംതാഴ്ത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-03 18:14:01.0

Published:

3 Oct 2021 11:42 PM IST

പൊന്നാനിയിലെ പരസ്യ പ്രതിഷേധം: സിദ്ദിഖിനെ തരംതാഴ്ത്തി; മലപ്പുറത്ത് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി
X

മലപ്പുറത്ത് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലാ നേതാക്കന്മാരെ തരംതാഴ്ത്തി പാർട്ടി നടപടി. പൊന്നാനിയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധമുയർന്ന സംഭവത്തിൽ ടിഎം സിദ്ദിഖിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കന്മാരായ സി ദിവാകരൻ, വി ശശികുമാർ എന്നിവരെയും തരംതാഴ്ത്തി.

സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിലാണ് കൂട്ട അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത്. ടിഎം സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. നിലവിൽ സെക്രട്ടേറിയറ്റ് അംഗമാണ് സിദ്ദിഖ്. പെരിന്തൽമണ്ണയിലെ തോൽവിയുമായി ബന്ധപ്പെട്ടാണ് ദിവാകരനും ശശികുമാറിനുമെതിരെ നടപടി. ഇരുവരെയും ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എം മുഹമ്മദ് സലീമിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. പിപി വാസുദേവനെതിരായ നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനു പകരം ടിഎം സിദ്ദിഖിനെയായിരുന്നു പൊന്നാനി നിയമസഭാ സ്ഥാനാർത്ഥിയായി സിപിഎം ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാറിന്റെ പേര് നിർദേശിക്കപ്പെട്ടതോടെയാണു പ്രതിഷേധങ്ങൾ ഉയർന്നത്. സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയിൽ സിപിഎം പ്രവർത്തകരുടെ പരസ്യപ്രതിഷേധവും പ്രകടനവും നടത്തി. സിദ്ദിഖിനെ അനുകൂലിച്ച് മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

'നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും' എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. സിഐടിയു ദേശീയ നേതാവാണ് പി നന്ദകുമാർ. മത്സ്യത്തൊഴിലാളികൾക്കിടയിൽ ജനകീയ സാന്നിധ്യമായ സിദ്ദീഖിന് കഴിഞ്ഞ രണ്ടുതവണ സീറ്റ് നിഷേധിച്ചതായും അണികൾക്കിടയിൽ പരാതിയുണ്ടായിരുന്നു.

TAGS :

Next Story