Quantcast

'റിയാസ് ബെറ്റിന് വന്നാൽ ഞാൻ മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞത്..'; വ്യക്തത വരുത്തി പി.വി അന്‍വര്‍

82,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ റിയാസ് എന്തുകൊണ്ട് ബെറ്റിന് തയ്യാറാകുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2026-05-01 08:22:42.0

Published:

1 May 2026 11:20 AM IST

റിയാസ് ബെറ്റിന് വന്നാൽ ഞാൻ മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞത്..; വ്യക്തത വരുത്തി പി.വി അന്‍വര്‍
X

നിലമ്പൂർ: ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന പ്രഖ്യാപനത്തില്‍ വ്യക്തതവരുത്തി യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. റിയാസ് ബെറ്റിന് വന്നാൽ ഞാൻ മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞതെന്ന് പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു. 'ബേപ്പൂരില്‍ ഞാന്‍ തോറ്റാല്‍ മൊട്ടയടിച്ച് നടക്കുമെന്നല്ല പറഞ്ഞത്. ഞാൻ ജയിച്ചാൽ റിയാസ് മൊട്ടയടിച്ച് നടക്കും,റിയാസ് ജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നാണ് പറഞ്ഞത്. റിയാസ് മൊട്ടയടിച്ചാല്‍ മാത്രം മതി,കമ്മലിടേണ്ട. '. അന്‍വര്‍ പറഞ്ഞു.

എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. ബെറ്റ് വെക്കാനായി കോഴിക്കോട് പ്രസ് ക്ലബ്ബിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം വന്നിട്ടില്ല. 82,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ റിയാസ് എന്തുകൊണ്ട് ബെറ്റിന് തയ്യാറാകുന്നില്ലെന്നും അന്‍വര്‍ ചോദിച്ചു.

ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസിനെതിരെ പി.വി അന്‍വര്‍ വെല്ലുവിളിച്ചത്. ബേപ്പൂരിൽ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ രണ്ട് കമ്മലുമിട്ട് നടക്കാൻ തയ്യാറാണെന്ന് അൻവർ പറഞ്ഞു. ഇതേ ആത്മവിശ്വാസമുണ്ടെങ്കിൽ മുഹമ്മദ് റിയാസ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.

റിയാസ് അവകാശപ്പെടുന്നത് പോലെ 82,000 വോട്ടിന്റെ ഭൂരിപക്ഷമൊന്നും ബേപ്പൂരിൽ കിട്ടാൻ പോകുന്നില്ലെന്നും, 65,000 വോട്ടിന് മുകളിൽ അദ്ദേഹം കടക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. പി.ഡബ്ല്യു.ഡിയിൽ ഒരു പ്രവൃത്തിയിൽ മാത്രം 65 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുൻ സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞിട്ടും മന്ത്രി എന്തുകൊണ്ട് മറുപടി നൽകുന്നില്ലെന്ന് അൻവർ ചോദിച്ചു.

താൻ ഉന്നയിച്ച 'മരുമോനിസം' എന്ന വാക്കിനെ വ്യക്തിഹത്യയായി ചിത്രീകരിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. എന്നാൽ യുഡിഎഫ് നേതാക്കൾ പണപ്പിരിവ് നടത്തുകയാണെന്ന റിയാസിന്റെ പ്രസ്താവനയാണ് യഥാർത്ഥ വ്യക്തിഹത്യയെന്ന് അൻവർ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.


TAGS :

Next Story