നടക്കാൻ പോകുന്നത് യുഡിഎഫ് ഒരു വശത്തും മോദി- പിണറായി കൂട്ടുകെട്ട് മറുവശത്തുമുള്ള തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി
ബിജെപി - ഇടത് പങ്കാളിത്തം അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിപിഎമ്മിൽ നിന്ന് വിട്ടു വന്നവർ യുഡിഫ് പിന്തുണയിൽ മത്സരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു

- Published:
4 April 2026 6:30 PM IST

രാഹുൽ ഗാന്ധി
തിരുവനന്തപുരം: യുഡിഎഫ് ഒരു വശത്തും മോദി- പിണറായി കൂട്ടുകെട്ട് മറുവശത്തുമുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇടത് മുന്നണിയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നവർ അവസരവാദികളല്ല. അവർ ആശയ അടിത്തറ ഉള്ളവരാണ്. ബിജെപി - ഇടത് പങ്കാളിത്തം അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിപിഎമ്മിൽ നിന്ന് വിട്ടു വന്നവർ യുഡിഫ് പിന്തുണയിൽ മത്സരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മോദിക്ക് മിണ്ടാട്ടമില്ല. ക്ഷേത്രവും ആചാരവും സംസാരിക്കുന്ന മോദി, ശബരിമല വിഷയം മിണ്ടാത്തത് ഇടത്- ബിജെപി പങ്കാളിത്തം മൂലമാണെന്നും രാഹുൽ ആരോപിച്ചു.
എപ്സ്റ്റീൻ ഫയലിൽ മോദിയുടെ യഥാർഥ സ്വഭാവം ഒളിഞ്ഞിരിക്കുന്നുണ്ട്. പാർലമെന്റിൽ നിന്ന് ഓടി ഒളിക്കാൻ മോദിക്ക് കഴിയും. എന്നാൽ ട്രംപിൽ നിന്ന് ഒളിക്കാൻ ആവാത്ത സ്ഥിതിയാണ്. ട്രംപ് മോദിയെ നിയന്ത്രിക്കുന്നു. മോദി ഇന്ത്യയിലെ നയങ്ങളെ നിയന്ത്രിക്കുന്നു. രണ്ടു മൂന്നു മാസത്തിനുള്ളിൽ ഇന്ത്യ ഇന്ധന വില വർധനയുടെ ദുരിതം അനുഭവിക്കാൻ പോകുകയാണെന്നും രാഹുൽ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ സ്വർണം എൽഡിഎഫ് സർക്കാർ കവർന്നു. എന്നിട്ടും പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. എൽഡിഎഫ് ജയിക്കുക എന്നതാണ് പ്രധാനമന്ത്രിക്ക് വേണ്ടത്. കാരണം എൽഡിഎഫ് ഒരിക്കലും ബിജെപിക്ക് ഭീഷണിയല്ല. ഐക്യ ജനാധിപത്യ മുന്നണി മാത്രമാണ് ബിജെപിക്ക് ഭീഷണി.
മണിപ്പൂരിലെ പള്ളികൾ നശിപ്പിച്ചത് ബിജെപിയാണ്. ഛത്തീസ്ഗഢിൽ ക്രിസ്ത്യാനികളെ ആക്രമിച്ചതും ബിജെപിയും ആർഎസ്എസുമാണ്. ഇതേ ആർഎസ്എസുമായി സിപിഎം കേരളത്തിൽ കൂട്ടുകെട്ട് ആണ്. തന്നെ ഇഡിയും സിബിഐയും മണിക്കൂറോളം ചോദ്യം ചെയ്തു. എന്തുകൊണ്ട് എൽഡിഎഫ് നേതാക്കളെ ചോദ്യം ചെയ്യുന്നില്ല? കാരണം മുഖ്യമന്ത്രി ബിജെപിയുമായി ഒത്തു കളിക്കുന്നതുകൊണ്ടാണ്. ട്രംപിന് മുന്നിൽ മോദി എങ്ങനെയാണോ ഒത്തു കളിക്കുന്നത്, അതേ രീതിയിൽ പിണറായിയും മോദിയുമായി ഒത്തു കളിക്കുന്നു. എൽഡിഎഫ് നിലനിൽക്കുന്നത് പ്രത്യയശാസ്ത്രപരമായ വിജയത്തിനു വേണ്ടിയല്ല, അധികാരത്തിനു വേണ്ടിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Adjust Story Font
16
