ഒളിച്ചുകളി തുടർന്ന് രാഹുൽ; കർണാടകയിലേക്ക് കടന്നതായി വിവരം
കേസിൽ അറസ്റ്റ് ഭയന്നാണ് രാഹുൽ ആദ്യം തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്കും കടന്നിരിക്കുന്നത്.

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിച്ചുകളി തുടരുന്നു. എംഎൽഎ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ തമിഴ്നാട്- കർണാടക അതിർത്തിയായ ബാഗലൂരിലെത്തിയത്. ഇവിടെ നിന്ന് മറ്റൊരു കാറിലാണ് കർണാടകയിലേക്ക് പോയത്. പൊലീസ് രാഹുലിന്റെ പിന്നാലെ തന്നെയുണ്ട്.
കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ആദ്യം തമിഴ്നാട്ടിലേക്കും ശേഷം കർണാടകയിലേക്കും കടന്നിരിക്കുന്നത്. അറസ്റ്റ് ഭയന്നാണ് രാഹുലിന്റെ ഒളിച്ചുകളി. നേരത്തെ ചുവന്ന പോളോ കാറിൽ തമിഴ്നാട് അതിർത്തി വരെ പോയ രാഹുൽ, അവിടെ നിന്ന് മറ്റൊരു കാറിൽ കയറുകയും ബാഗലൂരിൽ എത്തുകയുമായിരുന്നു. ഇവിടെനിന്ന് മറ്റൊരു വാഹനത്തിൽ കർണാടകയിലേക്ക് പോയതായാണ് വിവരം.
രാഹുലിനെ ബാഗലൂരിൽ എത്തിച്ചയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുൽ ഈ സ്ഥലത്ത് എത്തിയതിന്റെ വിശദാംശങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. രാഹുൽ ഇവിടെയെത്തിയ കാറും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. വൈകാതെ തന്നെ രാഹുലിനെ പിടികൂടാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഈ വിവരങ്ങൾ പുറത്തുപോകാൻ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയിൽ പറയുന്നു. അപേക്ഷ കോടതി നാളെ പരിഗണിക്കും.
അതേസമയം, അന്വേഷണ സംഘം രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. കെയർടേക്കറുടെ ഫ്ലാറ്റിൽ എത്തിയാണ് മൊഴി എടുത്തത്. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലാണ് എസ്ഐടി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയർടേക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Adjust Story Font
16

