രണ്ടാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാർ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ജസ്റ്റിസ് സി.ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി.ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സെഷന്‍സ് കോടതി തെളിവുകള്‍ പരിഗണിച്ചില്ലെന്നാണ് സർക്കാരിൻറെ പ്രധാന വാദം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതി നിലപാട് വസ്തുതാ വിരുദ്ധമാണ് തുടങ്ങിയ വാദങ്ങളും സംസ്ഥാനസർക്കാർ ഉന്നയിക്കുന്നുണ്ട്.
അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണസംഘത്തിന് ഇതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിക്രൂരമായ കുറ്റകൃത്യമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത്. അതിജീവിതയുടെ മൊഴി വിശദമായി പരിഗണിക്കുന്നതില്‍ സെഷന്‍സ് കോടതി പരാജയപ്പെട്ടു. മനസര്‍പ്പിക്കാതെയാണ് സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയത് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമല്ല. പരാതി നല്‍കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി തന്നെ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ഹർജിയിലുണ്ട്.
അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമര്‍പ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് എംഎല്‍എ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകളുണ്ടെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും മനപൂര്‍വം കുടുക്കിയതാണെന്നുമാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
നേരത്തെ, രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. എംഎല്‍എക്കെതിരെ നിരന്തരം പരാതികളാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു എസ്‌ഐടിയുടെ വാദം. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം.
Adjust Story Font
16

