റാപ്പർ വേടനെതിരെ വ്യാജ പ്രചരണം,'സാധാരണ ഞാൻ ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാറില്ല, പക്ഷേ ഇത്തവണ പറയാതെ വയ്യ'; പ്രതികരണവുമായി താരം
'ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ തുടങ്ങിയത് എന്നെ വിശ്വസിച്ച മനുഷ്യരുടെ പിന്തുണയാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്' അദ്ദേഹം കൂട്ടിച്ചേർത്തു

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങാൻ പോകുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വേടൻ പ്രസ്താവന നടത്തിയെന്നുമുള്ള പ്രചാരണങ്ങൾക്കെതിരെയാണ് താരം രംഗത്തെത്തിയത്.
പ്രചരിക്കുന്നത് പൂർണമായും വ്യാജമാണെന്ന് വേടൻ വ്യക്തമാക്കി. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ ഹോട്ടൽ, റസ്റ്ററന്റ്, ഭക്ഷണ ബിസിനസ് എന്നിവ ആരംഭിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കമ്പനി, പങ്കാളിത്തം, അപേക്ഷ തുടങ്ങിയ കാര്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടി സംഘാടകരുടെ ക്ഷണപ്രകാരം പെർഫോമിങ് ആർട്ടിസ്റ്റായാണ് സൗദിയിലേക്ക് പോകുന്നതെന്നും വേടൻ വ്യക്തമാക്കി. താൻ സന്ദർശിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിച്ചിട്ടുണ്ടെന്നും അതിന് വിരുദ്ധമായ രീതിയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വ്യാജപ്രചാരണങ്ങൾ ആദ്യമായല്ലെന്നും ഓരോ വർഷവും തന്റെ ഷോകൾ വർധിക്കുന്ന സമയത്ത് സമാനമായ പ്രചാരണങ്ങൾ ഉയരുന്നത് യാദൃശ്ചികമായി കാണാനാകില്ലെന്നും വേടൻ ആരോപിച്ചു. തന്റെ കലാജീവിതത്തെയും പ്രേക്ഷകരുമായുള്ള ബന്ധത്തെയും വിദേശത്തെ പരിപാടി സംഘാടകരുമായുള്ള ബന്ധത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
'ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ തുടങ്ങിയത്. എന്നെ വിശ്വസിച്ച മനുഷ്യരുടെ പിന്തുണയാണ് ഇന്നത്തെ നിലയിലേക്ക് എന്നെ എത്തിച്ചത്. ഇത്തരം പ്രചാരണങ്ങൾ കൊണ്ടൊന്നും എന്റെ യാത്ര നിർത്താനാകില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും താരം അറിയിച്ചു. വാർത്തകളോ പോസ്റ്റുകളോ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ വസ്തുത പരിശോധിക്കണമെന്നും വേദൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർഥിച്ചു.
തന്നെക്കുറിച്ച് അന്വേഷിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിച്ച വേടൻ, ഇത്തരം പ്രചാരണങ്ങളൊന്നും തന്റെ സംഗീതത്തെയോ കലാജീവിതത്തെയോ തടയില്ലെന്നും വ്യക്തമാക്കി.
Adjust Story Font
16

