Quantcast

മഴ കനക്കുന്നു; സംസ്ഥാനത്ത് നാളെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്

നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകിടക്കാനോ പാടില്ലെന്ന് ജാഗ്രത നിർദേശം

MediaOne Logo

Web Desk

  • Updated:

    2026-06-05 12:16:27

Published:

5 Jun 2026 2:08 PM IST

മഴ കനക്കുന്നു; സംസ്ഥാനത്ത് നാളെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. നാളെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകിളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഇന്ന് എറണാകുളം മുതൽ കാസർകോട് വരെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് കരമനയാറ്റിലും മണിമലയാറിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകിടക്കാനോ പാടില്ലെന്ന് ജാഗ്രത നിർദേശം.തെക്കു പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്തെത്തിയതോടെ വിവിധ ജില്ലകളിൽ കനത്ത മഴയാണ്.

മഴ കനത്തതോടെ വിവിധ ഇടങ്ങളിൽ വെള്ളം കയറി. വൻമരങ്ങൾ കടപുഴകി വീണ് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു.

കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്തു വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ 8 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ തോട് സ്വകാര്യ വ്യക്തി അടച്ചതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോര്‍പറേഷനില്‍ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്നലെ രാത്രി മുതല്‍ കൊച്ചിയില്‍ കനത്ത മഴയാണ്. തൃപ്പൂണിത്തുറ ഇടംപാടത്തെ എട്ട് വീടുകളില്‍ രാവിലെയോടെ വെള്ളം കയറി. രോഗികളും പ്രായമായവരും പുറത്തിറങ്ങാൻ പോലും കഴിയാതെ വിഷമിച്ചു. വീടിന് പുറത്ത് മുട്ടോളം വെള്ളമാണ്.നേരത്തേ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്തെ കാനകളിലെ വെള്ളമൊഴുക്ക് നഗരസഭ ക്രമീകരിച്ചിരുന്നു. പിന്നീട് സ്വകാര്യവ്യക്തി വെള്ളം പോകുന്ന ഓട അടച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

കോഴിക്കോട്ട് ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. മിഠായിത്തെരുവിലെ രണ്ട് കെട്ടിടങ്ങളുടെ ഷീറ്റുകളാണ് പറന്നുപോയത്. ഷീറ്റ് പറന്ന് വീണത് മറ്റ് കെട്ടിടങ്ങൾക്ക് മുകളിലേക്ക് ആർക്കും പരിക്കില്ല.ചിന്താവളപ്പ് ജംഗ്ഷനിലും മരം വീണു. അപകടത്തിൽ ആളപായമില്ല. നിർത്തിയിട്ട ഓട്ടോയുടെയും രണ്ട് ഇരുചക്രവാഹനങ്ങളുടെയും മുകളിലേക്കാണ് മരം വീണത്.

മലപ്പുറം പള്ളിക്കബസാറിൽ മരങ്ങൾ റോഡിലേക്ക് വീണു. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കും നിർത്തിയിട്ട ബൈക്കുകൾക്ക് മുകളിലേക്ക് ആണ് മരങ്ങൾ വീണത് . രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലും മഴയിലും ആണ് മരങ്ങൾ വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിനും നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു.

കോട്ടയം അമ്മൻചേരിയിൽ മഴയെ തുടർന്ന് വീടിൻ്റെ മേൽക്കൂര പൂർണമായും ഇടിഞ്ഞു വീണു . കുട്ടികൾ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു . കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത് . ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിൾ , ബ്രയാൻ എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം .

TAGS :

Next Story