ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് വിധി പറയുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് എ.പത്മകുമാറിന്റെയും ബി.മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാൽപത് ലക്ഷം രൂപ സ്പോൺസർ ചെയ്തയാളാണ് താനെന്നും സ്വർണം മോഷ്ടിക്കേണ്ട കാര്യമില്ലെന്നും നാഗ ഗോവർദ്ധൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഇന്നലെ ഹരജിയിൽ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം വാദം. പ്രതിക്ക് ജാമ്യം നൽകിയാൽ കർശന ഉപാധികൾ വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനോ കേരളത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കരുത്. ആഴ്ച്ചയിൽ രണ്ടു പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്. കട്ടിളപ്പാളി കേസിൽ റിമാൻഡ് തുടരുന്നതിനാൽ ദ്വാരപാലക ശില്പ കേസിൽ ജാമ്യം ലഭിച്ചാലും പോറ്റി ജയിൽ മോചിതനാകില്ല. അതെ സമയം തന്ത്രി കണ്ഠരര് രാജീവർക്കായുള്ള എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലൻസ് കോടതി പരിഗണിക്കും.
Adjust Story Font
16

