Quantcast

'സച്ചിദാനന്ദനും സാറാ ജോസഫിനും ഒറ്റരാത്രി കൊണ്ട് ശത്രുക്കളാകാന്‍ കഴിയില്ല'; ബിനോയ് വിശ്വം

'ഗൃഹസന്ദർശന പരിപാടിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കേള്‍ക്കേണ്ടി വന്നെന്നും ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Feb 2026 8:04 AM IST

സച്ചിദാനന്ദനും സാറാ ജോസഫിനും ഒറ്റരാത്രി കൊണ്ട് ശത്രുക്കളാകാന്‍ കഴിയില്ല; ബിനോയ് വിശ്വം
X

തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കേൾക്കേണ്ടിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തിന്റെ ചെറിയ വീഴ്ച പോലും ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് മനസിലായെന്നും ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.

'സർക്കാർ പ്രവർത്തനം മെച്ചപ്പെടണമെന്ന അഭിപ്രായം സിപിഐ നേതൃയോഗങ്ങളിൽ ഉണ്ടായതാണ്. അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഒറ്റരാത്രികൊണ്ട് സച്ചിദാനന്ദനും സാറാ ജോസഫിനും എല്‍ഡിഎഫിന്‍റെ ശത്രുക്കൾ ആകാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അവരെ ഞങ്ങള്‍ ഒരിക്കലും ശത്രുക്കളായി കാണില്ല. എക്കാലത്തും മിത്രങ്ങളാണ്. അവരുടെ മനസില്‍ ഇടതുപക്ഷ ചായ്‍വുണ്ട്. ചില വിഷയങ്ങളില്‍ വിമര്‍ശനപൂര്‍വം കാണുന്നതാണ്. അവര്‍ക്കൊന്നും ഒറ്റരാത്രി കൊണ്ട് ശത്രുക്കളാകാന്‍ കഴിയില്ല.അങ്ങനെ ആകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല..' ബിനോയ് വിശ്വം പറഞ്ഞു.

'കേരളത്തിൽ ഭരണവിരുദ്ധവികാരം ഇല്ല. സർക്കാറിനെക്കുറിച്ച് കാര്യമായ വിമർശനമില്ല. ജനങ്ങളുടെ ഏത് വിമർശത്തെയും ഉൾക്കൊള്ളും.ശബരിമല വിഷയത്തില്‍ വിമര്‍ശനം ഉണ്ടായപ്പോള്‍ അതിന് ജനങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ദൈവത്തിന്റെ സ്വത്ത് ആർക്കും കൈയിട്ട് വാരാൻ കഴിയില്ലെന്നും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി അത് ഉപയോഗിക്കാൻ അവകാശമില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയിിട്ടുണ്ട്. എത്രവലിയവരാണെങ്കിലും കുറ്റക്കാരെ രക്ഷപ്പെടാൻ സമ്മതിക്കില്ലെന്നും പറഞ്ഞു. അത് ജനങ്ങൾക്ക് വിശ്വാസമാണ്.ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായി എൽഡിഫ് സംഘടിപ്പിക്കുന്ന തെക്കൻ മേഖല ജാഥ ഇന്ന് സമാപിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ്,കഴക്കൂട്ടം ,നേമം ' മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി നഗരത്തിലാണ് സമാപിക്കുന്നത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിച്ച മധ്യമേഖല ജാഥാ ഇന്നലെ കൊച്ചിയിൽ സമാപിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥ പാലക്കാട് ജില്ലയിൽ പര്യടനം തുടരും. ഒറ്റപ്പാലം,മണ്ണാർക്കാട് കോങ്ങാട് ,മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. മുൻ എംഎൽഎ പി.കെ ശശി,വിഎസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് സുരേഷ് എന്നിവർ കോൺഗ്രസിൽ ചേരും എന്ന അഭ്യൂഹങ്ങൾക്കിടയാണ് സംസ്ഥാന സെക്രട്ടറിയുടെ പാലക്കാട് പര്യടനം. നാളെ വടക്കൻ മേഖല ജാഥ സമാപിക്കും. ജാഥകൾ സമാപിച്ചതിനു പിന്നാലെ സീറ്റ് വിഭജനത്തിന്റെ ഉഭയകക്ഷി ചർച്ചകളിലേക്ക് എൽഡിഎഫ് നീങ്ങും.


TAGS :

Next Story