Quantcast

"ന്റെ മക്കള് വീട്ടിലാണ്, രാവും പകലുമിലാത്ത ഏഴ് ദിവസമായിരുന്നു"; സമരം അവസാനിപ്പിച്ച് ഹർഷിന

ആരോഗ്യമന്ത്രി വീണ ജോർജ് ഹർഷീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-03-04 13:06:37.0

Published:

4 March 2023 11:44 AM GMT

harshina_strike
X

കോഴിക്കോട്: ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം നടത്തുന്ന ഹർഷീന സമരം പിൻവലിച്ചു. സമരപ്പന്തലിലെത്തി ആരോഗ്യമന്ത്രി വീണ ജോർജ് ഹർഷീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

എന്നാൽ, സത്യം സമൂഹത്തിന് ബോധ്യപ്പെടുന്നത് വരെ കേസ് പിൻവലിക്കില്ലെന്ന് ഹർഷിന വ്യക്തമാക്കി. ഫോറൻസിക് അന്വേഷണമടക്കം വരാനിരിക്കുന്നതിനാൽ മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. വ്യക്തമായ ഒരു റിപ്പോർട്ട് കിട്ടുന്നത് വരെ കേസ് പിൻവലിക്കില്ലെന്നും ഹർഷിന ആവർത്തിച്ചു.

"മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് കത്രിക കുടുങ്ങിയതെന്ന് നൂറുശതമാനം ഉറപ്പുണ്ട്. അത് തെളിയിക്കണം. അല്ലെങ്കിൽ ഞാൻ പറഞ്ഞത് കളവാണ് വരും. രാവും പകലുമില്ലാതെ ഏഴ് ദിവസമാണ് സമരം നടത്തിയത്. എന്റെ മക്കളെ വീട്ടിൽ നിർത്തിയിട്ടാണ് വന്നത്. സത്യം അറിയാനുള്ള അവകാശം എനിക്കുണ്ട്"; ഹർഷിന പറഞ്ഞു.

ആരോഗ്യമന്ത്രി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടെന്നും ഹർഷിന പറഞ്ഞു. അത്രയും അശ്രദ്ധമായ സംഭവമാണുണ്ടായത്. ചെറിയ നൂലോ നീഡിലോ ഒന്നുമല്ലല്ലോ, ഇത്രയും വലിയൊരു സംഭവമാണ്. ഡോക്ടർമാർക്കെതിരെയല്ല, ആരുടെ ഭാഗത്ത് നിന്നാണ് ഇത് സംഭവിച്ചതെന്നറിയണം അത്രയേ ഉള്ളൂവെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

സമര പന്തലിൽ എത്തിയാണ് മന്ത്രി ഹർഷിനയെ കണ്ടത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹർഷിനയുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്തു. സർക്കാർ ഹർഷിനക്കൊപ്പമാണെന്ന് മന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ ഹർഷിന തീരുമാനിച്ചത്.

2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നു വച്ച കത്രിക മൂത്രസഞ്ചിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു. കടുത്ത വേദന മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിലാണ് മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക തറച്ചു നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടിരുന്നു.

എന്നാൽ, യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നായിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ലെന്നും കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. i

TAGS :

Next Story