Quantcast

ഫ്രഷ് കട്ട് സമരത്തിന് പിന്നിൽ എസ്ഡിപിഐ: സിപിഎം

കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റാണ്

MediaOne Logo

Web Desk

  • Updated:

    2025-10-22 13:56:27.0

Published:

22 Oct 2025 7:09 PM IST

ഫ്രഷ് കട്ട് സമരത്തിന് പിന്നിൽ എസ്ഡിപിഐ: സിപിഎം
X

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സമരത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎം. പരിശീലനം ലഭിച്ച എസ്ഡിപിഐ പ്രവർത്തകരാണ് പൊലീസിനെ ആക്രമിച്ചതും മറ്റ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതും. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം സെക്രട്ടേറിയേറ്റ് വാർത്തകുറിപ്പിൽ പറയുന്നു. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റാണ്.

'കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ദുർഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങൾ ദീർഘകാലമായി സമരത്തിലാണ്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ നടപടികൾ ഉണ്ടാവണം.

ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങൾ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു. പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി ചൊവ്വാഴ്ച നടന്ന സമരത്തിൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികൾ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു'വെന്ന് സിപിഎം ജില്ല സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും സ്വത്ത് വകകൾ നശിപ്പിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേർന്ന എസ്ഡിപിഐ ക്രിമിനലുകളാണ്. നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷ ണം നടത്തണമെന്നും ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ 351പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, കലാപമുണ്ടാക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഡിവൈഎഫ്‌ഐ നേതാവാണ് ഒന്നാം പ്രതി. ഇന്നലെയുണ്ടായ ആക്രമണം ചില ആളുകളുടെ അജണ്ടകളുടെ ഭാഗമാണെന്ന് ഫ്രഷ് കട്ട് അധികൃതർ ആരോപിച്ചു. സംഘർഷത്തിൽ സമരക്കാർ പൊലീസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറിയ പ്രതിഷേധക്കാർ അക്രമം നടത്തുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഫാക്ടറി ആക്രമിക്കുന്നതും അത് തടയുന്ന പൊലീസുകാരെ വളഞ്ഞിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ നടന്ന അക്രമത്തിൽ രണ്ട് കേസാണ് പൊലീസെടുത്ത്. സംഘർഷവും പൊലീസിനെ മർദിച്ചകേസിലും 321 പ്രതികളാണ് ഉള്ളത്. ഫാക്ടറിയിൽ തീയിട്ട കേസിൽ 30 പേരാണ് പ്രതികൾ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റും ബ്ലോക് പഞ്ചായത്തംഗവുമായ മഹറൂഫാണ് ഒന്നാം പ്രതി. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സമരസമിതി നേതാക്കളും പ്രതിപട്ടികയിലുണ്ട്.തീവെപ്പിൽ 5 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായെന്നാണ് കണക്ക്. സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി പോലീസിനെ പ്രതിരോധത്തിലാക്കുകയാണ് അക്രമികൾ ചെയ്തതെന്നും ഫ്രഷ് കട്ട് ഉടമകൾ പറഞ്ഞു.

സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ് പി കെ.ഇ.ബൈജു പരിക്കേറ്റ് ചികിത്സയിലായതിനാൽ അന്വേഷണ ചുമതലയുള്ള വായനാട് റൂറൽ എസ് പി പ്രദേശം സന്ദർശിച്ചു. മേഖലയിൽ കനത്ത പൊലീസ് നിരീക്ഷണം തുടരുകയാണ്. ഇന്നലെ നടന്ന സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ 16 പോലീസുകാർക്കും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തിൽ പങ്കെടുത്ത നിരവധിപേർക്കും പരിക്കേറ്റിരുന്നു.അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വർഷമായി നടക്കുന്ന സമരമാണ് ഇന്നലെ അക്രമാസക്തമായത്.

TAGS :

Next Story