Quantcast

''എന്നിട്ടും എനിക്കെന്താ മന്ത്രി അപ്പൂപ്പാ സ്കൂളിൽ പോവാൻ പറ്റാത്തത്..?"; വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി ഓട്ടിസം ബാധിച്ച രണ്ടാം ക്ലാസുകാരൻ

സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇല്ലാത്തതിനാൽ ഇന്ന് പോകാനാവില്ലെന്ന് പറയുമ്പോൾ ആർദ്രവ് തേങ്ങി കരയുമെന്നാണ് അമ്മ പറയുന്നത്

MediaOne Logo

ലിസി. പി

  • Updated:

    2026-02-03 02:15:38.0

Published:

3 Feb 2026 7:44 AM IST

എന്നിട്ടും എനിക്കെന്താ മന്ത്രി അപ്പൂപ്പാ സ്കൂളിൽ പോവാൻ പറ്റാത്തത്..?; വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി ഓട്ടിസം ബാധിച്ച രണ്ടാം ക്ലാസുകാരൻ
X

കോഴിക്കോട്: സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇല്ലാത്തതിനാൽ എല്ലാ ദിവസവും സ്കൂളിൽ പോകാനാകാത്തതിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് ഓട്ടിസം ബാധിച്ച രണ്ടാം ക്ലാസുകാരൻ. കോഴിക്കോട് സെന്റ് വിൻസെന്റ് സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ആർദ്രവാണ് സ്കൂളിൽ സ്ഥിരം സ്പെഷ്യൽ ടീച്ചറെ നിയമിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തെഴുതിയത്.

''പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പന്....

ഞാൻ ആർദ്രവ് സംവേദ്.

എനിക്ക് 8 വയസ്സുണ്ട്.

ഞാൻ കോഴിക്കോട് st വിൻസെന്റ് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ആണ്.

എനിക്ക് എന്റെ ക്‌ളാസിലെ എന്റെ കൂട്ടുകാരെ പോലെ സംസാരിക്കാൻ ആവില്ല.

എഴുതാനും വായിക്കാനും ആവില്ല.

ഡോക്ടർമാർ എനിക്ക് ഓട്ടീസം ആണെന്നും intellectual disability ആണെന്നും പറയുന്നു.

കുറെ തെറാപ്പികൾക്ക് എല്ലാം എന്റെ രക്ഷിതാക്കൾ കൊണ്ട് പോവുന്നുണ്ട്.

അങ്ങനെ ആണോ എന്ന് അറിയില്ല, ഇപ്പോൾ എനിക്ക്" ത ത ത "ന്നൊക്കെ പറയാൻ ആവുന്നുണ്ട്.

4 വർഷം നിരന്തരമായി ശ്രമിച്ചപ്പോൾ 1,2,3,4

A, B, C, D എന്നെല്ലാം ഞാൻ എഴുതുന്നുമുണ്ട്.

എന്നാൽ എനിക്ക്,"എപ്പോഴും" എഴുതാൻ ആവുന്നില്ല.

അമ്മയെ കാണാൻ തോന്നുമ്പോൾ ഞാൻ അമ്മ എന്ന് വിളിക്കാൻ നോക്കും. പക്ഷെ എനിക്ക് കഴിയാത്തത് കൊണ്ട് ആണ്.

എനിക്ക് എന്റെ സ്കൂളിലെ ടീച്ചർമാരെയും കൂട്ടുകാരെയും എന്തുമാത്രം ഇഷ്ടം ആണെന്നോ..

രാവിലെ ഞാൻ എഴുന്നേറ്റ് ആദ്യം പോവുന്നത് എന്റെ യൂണിഫോം എടുക്കാൻ ആണ്.

പിന്നേ എന്റെ ബാഗും.

അപ്പോൾ എന്റെ അമ്മ എന്നോട് പറയും ഇന്ന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇല്ലാ. ഇന്ന് സ്കൂളിൽ പോവാൻ പറ്റില്ല എന്ന്.

എനിക്ക് അപ്പോൾ സങ്കടം വരും.

ഞാൻ കരയും.

പക്ഷെ എനിക്ക് പറയാൻ ആവാത്തത് കൊണ്ട് ഞാൻ എന്തിനാണ് കരയുന്നത് എന്ന് ആർക്കും മനസ്സിലാവില്ല.

അവർക്ക് എന്റെ കരച്ചിൽ ബുദ്ധിമുട്ട് ആവും. എന്നിട്ട് എന്നെ ഒരു മുറിയിൽ പൂട്ടിയിടും.

അപ്പൂപ്പന് അറിയാമോ

കഴിഞ്ഞ ദിവസം എന്റെ സ്കൂളിൽ യുവജനോത്സവം നടന്നു.

എന്റെ കൂട്ടുകാർ എല്ലാം നല്ല നിറമുള്ള വസ്ത്രങ്ങൾ എല്ലാം ഇട്ടു മനോഹരമായ പാട്ടുകൾക്ക് ഡാൻസ് ചെയ്യുന്നു.

ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു.

അപ്പോൾ ആണ് അറിയുന്നത് ഓട്ടീസം ഉള്ള എനിക്ക് ID ആയ എനിക്ക് എന്റെ കൂട്ടുകാരുടെ കൂടെ കൂടാനോ കളിക്കാനോ അവകാശം ഇല്ലാ എന്ന്.

അപ്പുറത്ത് ബീച്ചിൽ അതേ ദിവസം തന്നെ KDF( Kerala disability Fest) നടക്കുന്നുണ്ട്.

അവിടെ കാലില്ലാത്തവരും കണ്ണില്ലാത്തവരും എന്നെ പോലെ ഓട്ടീസം ഉള്ളവരും മാത്രം.

കാണാൻ അവരുടെ തെറാപ്പിസ്റുകളും അവരുടെ പാവം മാതാപിതാക്കളും മാത്രം.

ഞാൻ എന്ത് ചെയ്താലും അത് കാണാൻ എന്റെ സ്കൂളിലെ കൂട്ടുകാർ ഇല്ലാ.

അവിടുത്തെ അധ്യാപകർ ഇല്ലാ.

പിന്നേ എനിക്ക് സ്കൂളിൽ പോവാൻ കഴിയുന്നത് ആകെ ആഴ്ചയിൽ രണ്ട് ദിവസം മാത്രം ആണ്. അന്ന് മാത്രം ആണ് സ്പെഷ്യൽ എഡ്യൂക്കേറ്റർ വരുന്നുള്ളു..

ബാക്കി ദിവസങ്ങളിൽ ഞാൻ മറ്റുള്ളവർക്ക് വലിയ ശല്യം ആണത്രേ.

ഞാൻ എന്റെ കൂട്ടുകാരെ ശല്യ പെടുത്തുന്നു എന്നാണ് പരാതി.

സത്യത്തിൽ ഞാൻ ശല്യ പ്പെടുത്തുന്നത് അല്ല.

അവരെ കളിക്കാൻ വിളിക്കുന്നത് ആണ്. അവർ ചിരിക്കുന്നത് കാണാൻ വേണ്ടി ഞാൻ തുള്ളുന്നത് ആണ്.

എനിക്ക് ആരെയും വേദനിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ഇഷ്ടം ഇല്ലാ. എല്ലാവരോടും എനിക്ക് വലിയ സ്നേഹം ആണ്.

എന്നിട്ടും എനിക്ക് എന്താ അപ്പൂപ്പാ സ്കൂളിൽ പോവാൻ പറ്റാത്തത്??..."

ഇതാണ് മന്ത്രിക്ക് നൽകിയ നൽകിയ കത്തിലെ ചില വാചകങ്ങൾ.

മറ്റു കുട്ടികളെ പോലെ യൂണിഫോം അണിഞ്ഞ് സ്കൂളിൽ പോകാൻ കാത്തിരിക്കുന്ന ആർദ്രവിനോട് സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇല്ലാത്തതിനാൽ ഇന്ന് പോകാനാവില്ലെന്ന് പറയുമ്പോൾ തേങ്ങി കരയുമെന്നാണ് അമ്മ പറയുന്നത്. സ്കൂളുകളിൽ മതിയായ സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇല്ലാത്തതിനാൽ പ്രവൃത്തി ദിവസം വെറും രണ്ടിൽ ഒതുങ്ങുന്നത് ആർദ്രവിനെ പോലെ നിരവധി കുട്ടികളുടെ ലോകം ഇരുട്ടിലാക്കുന്നുണ്ട്.



TAGS :

Next Story