പാലക്കാട് വിദ്യാർഥിയോട് ലൈംഗികാതിക്രമം; മുൻ കായിക അധ്യാപകനെതിരെ കൂടുതൽ പരാതി
11 വയസുകാരിയായ വിദ്യാർഥിയോട് ലൈംഗികാതിക്രമം നടത്തിയതിനായിരുന്നു എബിയെ പൊലീസ് പിടികൂടിയത്

പാലക്കാട്: വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തി പൊലീസ് പിടിയിലായ മുൻ കായിക അധ്യാപകനെതിരെ കൂടുതൽ പരാതിയുമായി വിദ്യാർഥികൾ. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി വടക്കേക്കര സ്വദേശി എബി കസബ പൊലീസിൻ്റെ പിടിയിലായത്. പാലക്കാട് നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ താത്കാലിക കായിക അധ്യാപകനായിരുന്നു എബി. സ്കൂളിലെ 11 വയസുകാരിയായ വിദ്യാർഥിയോട് ലൈംഗികാതിക്രമം നടത്തിയതിനായിരുന്നു എബിയെ പൊലീസ് പിടികൂടിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് സിഡബ്ലുസി നടത്തിയ കൗൺസിലിങിനിടെ വിദ്യാർഥി എബിക്കെതിരെ മൊഴി നൽകുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ കായികധ്യാപകൻ എബി മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാർഥിനിയുടെ മൊഴി. പരാതിപ്പെട്ടതോടെ എബിയെ പുറത്താക്കി സ്കൂൾ അധികൃതർ വിഷയം മറച്ചുവെക്കാൻ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണതിനിടെ കൂടുതൽ വിദ്യാർഥികൾ എബിക്കെതിരെ മൊഴി നൽകി. ലൈംഗികാതിക്രമത്തിൽ എബിക്കെതിരെ കസബ പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. എബി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാനൊരുങ്ങി സിഡബ്ലുസി. പ്രതിക്കെതിരെ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.
Adjust Story Font
16

