ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല, അമ്മ അതിജീവിതക്കൊപ്പം; ശ്വേത മേനോൻ
പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരെന്നും ശ്വേത പ്രതികരിച്ചു

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കുന്നതിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടന അതിജീവിതയ്‌ക്കൊപ്പമാണെന്നും പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരെന്നും ശ്വേത പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്വേത മേനോന്റെ പ്രതികരണം.
ശിക്ഷാവിധി വരാൻ കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികൾക്കുള്ള ശിക്ഷ പോരെന്നും പറഞ്ഞ ശ്വേത അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും പറഞ്ഞു. വിഷയത്തിൽ അമ്മ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്റെ വിമർശനത്തെപറ്റിയുള്ള ചോദ്യത്തിന് അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിവിധ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വധശിക്ഷയോ ജീവപര്യന്തമോ നൽകേണ്ട സാഹചര്യമില്ലെന്നാണ് വിധിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിന്റെ നിരീക്ഷണം. പ്രതികളുടെ പ്രായം, കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും 40 വയസിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും ജഡ്ജി നിരീക്ഷിച്ചു.
Adjust Story Font
16

