സുഹാസ് ഷെട്ടി വധക്കേസ് പ്രതിക്കെതിരെ ജയിലിൽ അക്രമം
ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദിനെതിരെയാണ് ആക്രമണമുണ്ടായത്.

മംഗളൂരു: ഗുണ്ടാ തലവനും തീവ്ര ഹിന്ദുത്വ പ്രവർത്തകനുമായിരുന്ന സുഹാസ് ഷെട്ടി കൊലപാതകക്കേസ് പ്രതികളിൽ ഒരാൾക്കെതിരെ മംഗളൂരു ജയിലിൽ അക്രമം. ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദിനെ (39) ഉന്നമിട്ട് നടത്തിയ ആക്രമണം പൊലീസ് സാന്നാധ്യമുള്ളതിനാൽ പരാജയപ്പെടുകയായിരുന്നു. ഈ കേസിലെ പ്രതികൾക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് മംഗളൂരു ജയിലിൽ നിന്ന് വിവിധ ജയിലുകളിലേക്ക് മാറ്റുന്ന പ്രക്രിയയിലാണ് അധികൃതർ.
മിക്ക പ്രതികളെയും ഇതിനകം മൈസൂരു, ധാർവാഡ്, ബെളഗാവി എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ ജയിലുകളിലേക്ക് മാറ്റി. എന്നാൽ തിങ്കളാഴ്ച വൈകിട്ടോടെ ചോട്ടെ നൗഷാദിന്റെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനാൽ കോടതിയിൽ ഹാജരാക്കുന്നതിനായി മംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു. കോടതി നടപടിക്രമങ്ങൾക്ക് ശേഷം മൈസൂരു ജയിലിലേക്ക് മാറ്റാൻ പൊലീസ് ഒരുങ്ങുകയായിരുന്നു.
ഇതിനിടെയാണ് മംഗളൂരു ജയിലിനുള്ളിൽ മറ്റൊരു തടവുകാരനെ കാണാൻ നൗഷാദ് അഭ്യർഥിച്ചത്. കൂടിക്കാഴ്ചക്കായി കൊണ്ടുപോകുന്നതിനിടെ ജയിലിനുള്ളിൽ അജ്ഞാതരായ ആളുകൾ നൗഷാദിന് നേരെ കല്ലുകളും മറ്റു വസ്തുക്കളും എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു.
പൊലീസ് സുരക്ഷാവലയം തീർത്താണ് നൗഷാദിനെ രക്ഷപ്പെടുത്തിയത്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ആക്രമണശ്രമമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടിയായി എല്ലാവരെയും പ്രത്യേക ജയിലുകളിലേക്ക് മാറ്റി. കേസിൽ അന്വേഷണം തുടരുകയാണ്.
Adjust Story Font
16

