Quantcast

ടി. വീണയ്ക്ക് ഇന്ന് നിർണായകം; ഇഡി അന്വേഷണം തടയണമെന്ന അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്താണ് സിഎംആർഎൽ ഹരജി സമർപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-06-01 04:14:11

Published:

1 Jun 2026 8:22 AM IST

ടി. വീണയ്ക്ക് ഇന്ന് നിർണായകം; ഇഡി അന്വേഷണം തടയണമെന്ന അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
X

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിയന്റെ മകൾ ടി. വീണയ്ക്കും ഈ കേസിന്റെ ഇന്നത്തെ കോടതി നടപടികൾ നിർണായകമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്താണ് സിഎംആർഎൽ പുതിയ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിയാണുണ്ടായത്. ഈ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പുതിയ അപ്പീൽ നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്ന് അഞ്ചാമതായി ഈ കേസ് പരിഗണിക്കുന്നത്. ഇഡിയുടെ അന്വേഷണം പൂർണമായും അധികാരപരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആർഎൽ അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ അന്വേഷണങ്ങളും തുടർനടപടികളും നിർത്തിവെക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഒന്നര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണം തുടരാൻ ഇഡിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും നിർണായക രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ കേസിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുന്നത് ഇഡിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ശേഖരിച്ച നിർണായക രേഖകൾ ചൂണ്ടിക്കാട്ടി സിഎംആർഎൽ വാദങ്ങളെ ഹൈക്കോടതിയിൽ പ്രതിരോധിക്കാനാണ് ഇഡിയുടെ നീക്കം. ആവശ്യമെങ്കിൽ ഈ രേഖകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താനും ഇഡി തയ്യാറായേക്കും.

ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ആകും കോടതിയിൽ ഹാജരാകുക. മറുഭാഗത്ത് സിഎംആർഎല്ലിന് വേണ്ടി മുതിർന്ന സുപ്രിം കോടതി അഭിഭാഷകരും ഹാജരായേക്കുമെന്നാണ് വിവരം. മാസപ്പടിക്കേസിന്റെ നാൾവഴികളിൽ തികച്ചും നിർണായകമായ ഒരു നിയമപോരാട്ടത്തിനാകും ഇന്ന് കേരള ഹൈക്കോടതി സാക്ഷ്യം വഹിക്കുക.

അതേസമയം, മാസപ്പടിക്കേസിലെ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ, തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നിർണായക വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

TAGS :

Next Story