വീട്ടിൽ പോയി ചോദിക്കെന്ന പരാമർശം; പരാജയം മനസിലായ മുഖ്യമന്ത്രിക്ക് സമനില തെറ്റി: കെ.സി വേണുഗോപാൽ
തെരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ആലപ്പുഴ: മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഭാഷാപ്രയോഗങ്ങളുടെ നിർവചനം കണ്ടെത്താനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോന്നിയിലെ പ്രസംഗത്തിനിടെ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
അതേസമയം വീട്ടിൽ പോയി ചോദിക്കെന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ചില മര്യാദകൾ പാലിക്കേണ്ടതാണ്, അത് പാലിക്കാത്തതിന് മറുപടി നൽകിയെന്നെ ഉള്ളൂ. തനിക്കല്ല സമനില തെറ്റിയതെന്നും സമനില തെറ്റിയത് ആർക്കാണെന്ന് കാണമല്ലോ എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയിൽ മര്യാദ വേണ്ടെന്നാണ് കെ.സി വേണുഗോപാലിന് തോന്നുന്നതെങ്കിൽ കുഴപ്പമില്ലെന്നും പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ബാര്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തിനൊരിക്കലാണ് പുതുക്കിക്കൊടുക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. കോടിക്കണക്കിന് രൂപ ബാര്‍ ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടാണ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാത്തിരിക്കാതെ വെബ്‌സൈറ്റില്‍ പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായിട്ട് ഈ ബാറുകള്‍ക്കല്ലാം ലൈസന്‍സ് പുതുക്കിക്കൊടുത്തിരിക്കുന്നത്. ബാറുകളുടെ സമയപരിധി കൂട്ടിക്കൊടുത്തതും അഴിമതിയായിരുന്നു. ഇത് അതിനെക്കാളും വലുതാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ വേണ്ടി ബാര്‍ ഉടമകള്‍ അവര്‍ ആവശ്യപ്പെട്ടുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാർ ചെയ്ത് കൊടുക്കുകയാണ്. ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇതടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ബാര്‍ ഉടമകളില്‍ നിന്നും കൈപ്പറ്റിയിരിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കുറെ നാളുകളായി കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍ ആയി മാറി. സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചാൽ കൃത്യമായ അന്തര്‍ധാരയുണ്ടെന്ന് മനസിലാകും. തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കാനുള്ള അന്തര്‍ധാരായണത്. ഇത് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. മോദിയുടെ മുന്നില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. ഇഡിയെ പേടിച്ച് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അക്കാരണത്താല്‍ ഒരു കാര്യത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഏറ്റവും ഒടുവില്‍ കേരളം കൈവിട്ടു പോകുന്നു മനസ്സിലായപ്പോള്‍ അധാര്‍മ്മികമായ രാഷ്ട്രീയ ധാരണക്കാണ് സിപിഎം നേതൃത്വം കൊടുത്തിരിക്കുന്നത്. അതിന്റെ തെളിവാണ് പല സീറ്റുകളില്‍ സിപിഎം ബിജെപിക്ക് ജയിക്കാന്‍ പറ്റുമോ എന്ന അവസരം കൊടുത്തിരിക്കുന്നത്. ബിജെപിയും അതുപോലെതന്നെ അവര്‍ ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ സിപിഎമ്മിന് വിജയിക്കാനുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. സ്വന്തം അണികളെ വഞ്ചിച്ചു കൊണ്ട് സിപിഎമ്മും ബിജെപിയും നടത്തുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡീല്‍ ആണ്.
Adjust Story Font
16

