Quantcast

ശബരിമല സ്വർണക്കൊള്ള; തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ഒ.ജെ ജനീഷ് അടക്കം ഇരുപത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

MediaOne Logo

Web Desk

  • Published:

    30 Jan 2026 4:32 PM IST

ശബരിമല സ്വർണക്കൊള്ള; തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
X

തൃശൂർ: ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഉള്ളില്‍ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നാലുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കസ്റ്റഡിയിലെടുത്ത ഇരുപതോളം പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പൊലീസ് തങ്ങളെ മര്‍ദിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രതിഷേധക്കാര്‍ക്കെതിരെ നാല് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടർന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കാന്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ്, ജനറല്‍ സെക്രട്ടറി അഡ്വ. പ്രമോദ് എന്നിവരടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്‍പിലും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

വിവരമറിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി. പരിക്കേറ്റ രണ്ട് പേരെ നേതാക്കള്‍ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധവുമായി ഇനിയും തെരുവിലിറങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. പരിക്കേറ്റ പ്രവര്‍ത്തകരെ നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

TAGS :

Next Story