Quantcast

മുല്ലപ്പളളിക്കെതിരെ പടയൊരുക്കം; സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്ന് ഒരു വിഭാഗം

ചില മുതിര്‍ന്ന നേതാക്കളുടെ മൌനാനുവാദം മുല്ലപ്പളളിക്കെതിരായ പുതിയ നീക്കത്തിന് പിന്നിലുണ്ട്

MediaOne Logo

Web Desk

  • Published:

    4 May 2021 1:46 AM GMT

മുല്ലപ്പളളിക്കെതിരെ പടയൊരുക്കം; സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്ന് ഒരു വിഭാഗം
X

മുല്ലപ്പളളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം. മുല്ലപ്പളളിയെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ആത്മാഭിമാനമുണ്ടെങ്കില്‍ മുല്ലപ്പളളി രാജിവെച്ചൊഴിയണമെന്ന് ധർമടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി സി.രഘുനാഥ് ആവശ്യപ്പെട്ടു. സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് മുല്ലപ്പളളിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി പടയൊരുക്കം തുടങ്ങിയത്. മുല്ലപ്പളളിയുടെ നേതൃപരമായ വീഴ്ചയാണ് പരാജയത്തിന് പ്രധാന കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സി രഘുനാഥാണ് മുല്ലപ്പളളിയുടെ രാജി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്.

പാര്‍ട്ടിയെ നയിക്കാന്‍ ശക്തമായ ഒരു നേതൃത്വം വേണമെന്നും അതിന് കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ മൌനാനുവാദവും മുല്ലപ്പളളിക്കെതിരായ പുതിയ നീക്കത്തിന് പിന്നിലുണ്ട്. പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പളളി സ്വയം സ്ഥാനമൊഴിയണമെന്നാണ് ഇവരുടെ നിലപാട്. ഇതിനിടെ മുല്ലപ്പള്ളിക്കെതിരെ നീങ്ങുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ സുധാകരനുമായി ആശയവിനിമയം നടത്തിയതായാണ് സൂചന.

TAGS :

Next Story