Quantcast

പ്രവർത്തനം സ്തംഭിച്ച് യുഡിഎഫ് യുവജന -വിദ്യാര്‍ഥി സംഘടനകൾ; എംഎൽഎമാരായ പ്രസിഡണ്ടുമാര്‍ സ്ഥാനമൊഴിയുന്നില്ല

ജനുവരി 28 നാണ് കെഎസ്‍യുവിന്‍റെ സംസ്ഥാന കമ്മിറ്റി അവസാനമായി ചേര്‍ന്നത്

MediaOne Logo

രാഷ്ട്രീയകാര്യ ലേഖകന്‍

  • Updated:

    2026-06-10 06:08:31

Published:

9 Jun 2026 8:46 PM IST

പ്രവർത്തനം സ്തംഭിച്ച് യുഡിഎഫ് യുവജന -വിദ്യാര്‍ഥി സംഘടനകൾ; എംഎൽഎമാരായ പ്രസിഡണ്ടുമാര്‍ സ്ഥാനമൊഴിയുന്നില്ല
X

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഡിഎഫിന് സംസ്ഥാന ഭരണം ലഭിച്ചതിന് പിറകേ മുന്നണിയുടെ പ്രധാന യുവജന - വിദ്യാർഥി സംഘടനകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു, യൂത്ത് ലീഗ്, എംഎസ്എഫ് സംഘടനകളുടെ സംസ്ഥാന കമ്മിറ്റികള്‍ യോഗം പോലും ചേരാതെ നിര്‍ജീവമായി. പാര്‍ലമെന്‍ററി പദവി എന്ന ഒറ്റ ലക്ഷ്യത്തില്‍ വിദ്യാര്‍ഥി - യുവജന സംഘടനാ നേതാക്കള്‍ കേന്ദ്രീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അവസാനം യോഗം ചേര്‍ന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും വളരെ മുന്‍പാണ്.

കെഎസ്‍യു സംസ്ഥാന കമ്മിറ്റി യോഗം അവസാനമായി ചേര്‍ന്നത് ജനുവരി 28നാണ്

സ്കൂളുകളും കോളജുകളും തുറന്നെങ്കിലും മെംബര്‍ഷിപ്പ് കാംപയിന്‍ പോലും ഇത്തവണ കെഎസ്‍യു നടത്തുന്നില്ല. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും നിശ്ചലമായിക്കഴിഞ്ഞു. മാര്‍ച്ച് 22 ന് ശേഷം ഒരു ആശയ വിനിമയവും യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം, ഭാരവാഹികളുമായോ പ്രവര്‍ത്തകരുമായോ നടത്തിയിട്ടില്ല. മുസ്‌ലിം ലീഗിലെ ഏറ്റവും മികച്ച സംഘടനാ ഘടകമായ എംഎസ്എഫിന്‍റെ പ്രവര്‍ത്തനവും സമ്പൂര്‍ണമായി നിലച്ചു. ജനുവരിയില്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം നേതാക്കളെല്ലാം സംഘടനയെ മറന്ന നിലയിലാണ്. കെഎസ്‍യു ഒഴിച്ചുള്ള യുഡിഎഫ് യുവജന- വിദ്യാര്‍ഥി സംഘടനകളുടെ അധ്യക്ഷന്‍മാര്‍ എംഎല്‍എ ആയതോട സംഘടനകള്‍ക്കൊന്നും നാഥനില്ലാത്ത സ്ഥിതിയും വന്നു .

യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, എംഎസ്എഫ് സംഘടനകളുടെ അധ്യക്ഷന്‍മാരായ ഒ.ജെ ജനീഷ്, പി.കെ ഫിറോസ്, പി.കെ ഫിറോസ് എന്നിവരാണ് എംഎല്‍എമാരായത്. മൂവരും എംഎല്‍എ ചുമതലയുടെ തിരക്കിലേക്ക് മാറിയപ്പോള്‍ സംഘടനാ അധ്യക്ഷ ചുമതല താത്കാലികമായി മറ്റൊരാളെ ഏല്‍പിച്ചിട്ടുമില്ല. സമീപകാല ചരിത്രത്തില്‍ ആദ്യമായി സീറ്റ് ലഭിക്കാതെ പോയ കെഎസ്‍യു അധ്യക്ഷനാകട്ടെ നിരാശക്ക് കീഴടങ്ങിയതോടെ സംഘടന അനാഥവുമായി.

സര്‍വരാലും ഉപേക്ഷിക്കപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

ചരിത്രത്തിലെ ഏറ്റവും വലിയ ദുർബലാവസ്ഥയിലായ യൂത്ത് കോണ്‍ഗ്രസ് അതിന്‍റെ അസാന്നിധ്യം കൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശ്രദ്ധ നേടിയതെങ്കില്‍ ഇപ്പോള്‍ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്ന സ്ഥിതിയിലാണ്. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായതിന് ശേഷം, ദൃശ്യത നൽകുന്ന പരിപാടികൾ പലതും നടന്നെങ്കിലും സംഘടനാ ഘടന ശോഷിക്കുകയായിരുന്നു. ശാഖാ തലം മുതലുള്ള സംഘടനാ പ്രവര്‍ത്തനം ഏതാണ്ട് അവസാനിക്കുകയും നേതാക്കളെ കേന്ദ്രീകരിച്ചുള്ള താരാരാധന വളരുകയും ചെയ്തത് ഈ ഘട്ടത്തിലാണ്.



ഷാഫിയും പിറകേ വന്ന രാഹുല്‍ മാങ്കൂട്ടത്തിലും സോഷ്യല്‍ മീഡിയ റീലുകളെ ആശ്രയിച്ചും അപൂര്‍വമായി തെരുവിലെ സമര പ്രകടനങ്ങളും മാത്രമായി സംഘടനാ പ്രവര്‍ത്തനം ഒതുക്കി. ജില്ല - മണ്ഡലം തലങ്ങളില്‍ പ്രസിഡണ്ട് മാത്രമായി സംഘടനയുടെ വിലാസം. പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികളും ഇല്ലാതായി. കമ്മിറ്റി രൂപീകരിക്കാന്‍ നേതൃത്വം തയ്യാറാകാതെ വന്നതോടെ പിന്നീട് അധ്യക്ഷ സ്ഥാനത്ത് എത്തിയ ഒ.ജെ ജെനീഷിന് സംഘടനയുടെ 'ജ‍ഡ'മാണ് ലഭിച്ചത്. സംഘടനാ സംവിധാനം ഒന്നുമില്ലാത്തതിനാല്‍ തലപൊക്കാന്‍ പോലും ജെനീഷിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് നടത്തിയ ഒരു മാര്‍ച്ച് മാത്രമാണ് ജെനീഷിൻ്റെ നേതൃത്വത്തിൽ നടന്നത്.

ഒ.ജെ ജെനീഷ്

ജെനീഷ് കൊടുങ്ങല്ലൂരില്‍ വിജയിച്ച് എംഎല്‍എയും പിന്നീട് മന്ത്രിയുമായി. തെരഞ്ഞെടുപ്പിന് മുന്നേ മരവിച്ച് പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇപ്പോഴും മരവിച്ച് തന്നെ കിടക്കുകയാണ്. പകരം ആര്‍ക്കെങ്കിലും ചുതമല നല്‍കണമെന്ന ആലോചന പോലും യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും ഇതുവരെ ഉണ്ടായിട്ടില്ല. പാര്‍ലമെന്‍ററി പദവി എന്ന ഒറ്റ ലക്ഷ്യത്തില്‍ സംഘടന നേതാക്കള്‍ ഊന്നുകയും റീല്‍ പൊളിറ്റിക്സ് വ്യാപകമാക്കുകയും ചെയ്തതിന്‍റെ ദുരന്തം യൂത്ത്കോണ്‍ഗ്രസ് അനുഭവിക്കുകയാണ്.

യൂത്ത് ലീഗ് നേരത്തേ ദുര്‍ബലം, ഇപ്പോള്‍ അനാഥം

സമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും രാഷ്ട്രീയ ചര്‍ച്ചകള്‍ വികസിപ്പിക്കുന്നതിലും ഒരു പതിറ്റാണ്ടായി യൂത്ത് ലീഗിന് കാര്യമായ ദൌര്‍ബല്യങ്ങളുണ്ട്. പിണറായി സര്‍ക്കാരിനെതിരെ ശക്തമായ മുസ്‍ലിം വികാരം ഉയര്‍ന്നപ്പോഴും അത് രാഷ്ട്രീയമായി ഉന്നയിക്കുന്നതില്‍ യൂത്ത് ലീഗ് പരാജയപ്പെട്ടു. കാംപസിലും സംഘടനാ രംഗത്തും എംഎസ്എഫ് നേടിയ മുന്നേറ്റം കണ്ടു നില്‍ക്കാനേ യൂത്ത് ലീഗ് നേതൃത്വത്തിന് കഴിഞ്ഞുള്ളൂ. ദീര്‍ഘമായ ഒരു പതിറ്റാണ്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നാണ് 46 -ാം വയസില്‍ പി.കെ ഫിറോസ് എംഎല്‍എ ആകുന്നത്. സംസ്ഥാന കമ്മിറ്റി ചേരുന്നതിലും പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും യൂത്ത് ലീഗ് പിറകോട്ട് പോയി. ഒരു കാലത്ത് ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സമ്പൂര്‍ണായി നിയന്ത്രിച്ചിരുന്ന യൂത്ത് ലീഗ് കേവലം മലപ്പുറം ജില്ലാ കമ്മിറ്റി മാത്രമായി ചുരുങ്ങി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മ' ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാത്രമാണ് സമീപകാലത്ത് യൂത്ത് ലീഗിന്‍റേതായി ശ്രദ്ധിക്കപ്പെട്ട ഏക പരിപാടി .


യൂത്ത് ലീഗിന്‍റെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും മണ്ഡലം കമ്മിറ്റികള്‍ മാത്രമാണ് രൂപീകരിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനവും നേതൃത്വത്തിന് പാലിക്കാനായില്ല. മെംബര്‍ഷിപ്പ് പ്രവര്‍ത്തനത്തില്‍ തന്നെ വലിയ ആരോപണങ്ങളുണ്ടായി. തട്ടിക്കൂട്ട് മെംബര്‍ഷിപ്പാണ് നടത്തിയതെന്ന പരാതികളും അവഗണിക്കപ്പെട്ടു.

പി.കെ ഫിറോസ് എംഎല്‍എ ആവുകയും സഘടനാ തെരഞ്ഞെടുപ്പ് പാതിവഴിയിലും നില്‍ക്കെ ജനറല്‍സെക്രട്ടറിയുടെ ചുമതല പകരം ആര്‍ക്കെങ്കിലും നല്‍കുന്നതിനെ കുറിച്ചും സംഘടനയില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് ഉണ്ടാക്കി എന്നത് മാറ്റി നിര്‍ത്തിയാല്‍ രാഷ്ട്രീയമായി അഭിമാനിക്കാവുന്ന നേട്ടങ്ങളൊന്നും ഇല്ലാതെയാണ് മുനവ്വറലി തങ്ങള്‍ പ്രസിഡണ്ടും പി.കെ ഫിറോസ് ജനറല്‍ സെക്രട്ടറുമായ കമ്മിറ്റി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

കെഎസ്‍യു വിന് ഇത്തവണ മെംബര്‍ഷിപ്പുമില്ല

സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെടുകയും ദേശീയ അടിസ്ഥാനത്തില്‍ NSU പുനഃസംഘടന പ്രഖ്യാപിക്കുകയും ചെയ്തതിന്‍റെ പേരില്‍ സംഘടനയെ പാടേ ഉപേക്ഷിച്ചിരിക്കുയാണ് കെഎസ്‍യു സംസ്ഥാന ഭാരവാഹികള്‍. ജനുവരി 28 നാണ് കെഎസ്‍യുവിന്‍റെ സംസ്ഥാന കമ്മിറ്റി അവസാനമായി ചേര്‍ന്നത്.

അലോഷ്യസ് സേവ്യർ

സ്കൂള്‍ - കോളജ് തുറക്കുമ്പോള്‍ കെഎസ്‍യു മെംബര്‍ഷിപ്പ് കൂപ്പണ്‍ അടിച്ച് കീഴ് ഘടകങ്ങള്‍ക്ക് കൈമാറുന്ന രീതിയുണ്ട്. ഈ കൂപ്പണ്‍ വെച്ചാണ് വിദ്യാര്‍ഥികള്‍ക്ക് കാംപസുകളില്‍ അംഗത്വം നല്‍കാറുള്ളത്. ഇത്തവണ അതുണ്ടായില്ല. താത്പര്യമുള്ള ചില ജില്ലാ കമ്മിറ്റികള്‍ പരിപാടികള്‍ നടത്തിയതല്ലാതെ സംസ്ഥാന കമ്മിറ്റി നിര്‍ജീവമായി കിടക്കുകയാണ്. സിബിഎസ്ഇ,നീറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് കാര്യമായ സമരങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ നേതൃത്വം തയ്യാറായില്ല.

കെഎസ്‍യു പുനഃസംഘടന വരുന്നു, ഇനി പ്രവര്‍ത്തിച്ചിട്ട് എന്ത് കാര്യം എന്ന ചിന്തയാണ് സംഘടനാ ഭാരവാഹികള്‍ക്ക്. അലോഷ്യസ് സേവ്യറിന് സീറ്റ് നിഷേധിക്കപ്പെട്ടതിലെ നിരാശയുമുണ്ട്. ഫലത്തില്‍ പുനഃസംഘടന സമ്പൂര്‍ണമായി പ്രവര്‍ത്തനം മരവിച്ച നിലയിലാണ്. ഇനി തെരഞ്ഞെടുപ്പ് അടുത്തൊന്നും വരാനില്ലെന്ന തോന്നലും നേതാക്കളുടെ അലസത ഇരട്ടിയാക്കി.

പ്രവർത്തനം സ്തംഭിച്ച് എംഎസ്എഫും

യുഡിഎഫിൻ്റെ സംഘടനാ രൂപങ്ങളില്‍ എറ്റവും സക്രിയമായിരുന്നത് എംഎസ്എഫും മഹിളാ കോണ്‍ഗ്രസുമാണ്. ലീഗ് ഗ്രൂപ്പിസത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഹരിത വിവാദം ഏറെ ദുർബലമാക്കിയ എംഎസ്എഫിനെ ശാക്തീകരിച്ച് കാംപസുകളില്‍ നേട്ടങ്ങളുണ്ടാക്കി കേരളത്തിലെ രണ്ടാമത്തെ വിദ്യാര്‍ഥി സംഘടനയാക്കി മാറ്റുന്നതിന് നേതൃത്വം കെടുത്തത് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസാണ്. ഗ്രാമങ്ങള്‍ തോറും കമ്മിറ്റികള്‍ രൂപീകരിച്ചും കാംപസുകളില്‍ എസ്എഫ്ഐക്കെതിരെ ബദല്‍ രാഷ്ട്രീയം അവതരിപ്പിച്ചും ചിട്ടയും കരുത്തുമുള്ള സംഘടനയായി എംഎസ്എഫ് മാറി.

പി.കെ നവാസ്

മുസ്ലിം ലീഗിന്‍റെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചത് എംഎസ്എഫും പി.കെ നവാസുമാണെന്ന് അംഗീകരിക്കാന്‍ സാദിഖലി തങ്ങള്‍ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും ഒരു മടിയും ഉണ്ടായിട്ടില്ല. എന്നാല്‍ ജനുവരിയില്‍ മലപ്പുറത്ത് നടന്ന എംഎസ്എഫ് സമ്മേളനത്തിന് ശേഷം സംഘടന പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സ്കൂളുകളും കോളജുകളും തുറന്നപ്പോഴും എംഎസ്എഫിന് പഴയ ആവേശമില്ല. നീറ്റ് പരീക്ഷാ പ്രശ്നത്തിലും വിദ്യാർഥി സംഘടന എന്ന നിലയിൽ എന്തെങ്കിലും ഇടപെടൽ എംഎസ്എഫിൻ്റെ ഭാഗത്തു നിന്നുണ്ടായില്ല. സംഘടനാ തെരഞ്ഞെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. എംഎസ്എഫ് പ്രസിഡണ്ട് പി.കെ നവാസ് താനൂര്‍ എംഎല്‍എയാണിപ്പോള്‍. നംസ്ഥാന അധ്യഷൻ എം.എൽ.എ ആയതിന് ശേഷമുള്ള സംവിധാനം എന്തായിരിക്കണം എന്നതിനെ കുറിച്ച് സംഘടന ആലോചിച്ചിട്ടില്ല. വിദ്യാര്‍ഥി സംഘടനയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ജൂണ്‍ മാസത്തില്‍ സജീവമായ നേതൃത്വത്വമില്ല എന്ന പ്രതിസന്ധി ഇക്കുറി എംഎസ്എഫിനുണ്ട്.

TAGS :

Next Story