'മുനമ്പം വഖഫ് ഭൂമി തന്നെ സംരക്ഷിക്കാനുള്ള ശ്രമം നടത്തും': ഉമർ ഫൈസി മുക്കം
വഖഫ് ബോർഡ് അംഗമായതിൽ സന്തോഷമുണ്ടെന്നും ഉമർ ഫൈസി മുക്കം
കാസർകോട്: വഖഫ് ബോർഡ് അംഗമായതിൽ സന്തോഷമുണ്ടെന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. മുനമ്പം വഖഫ് ഭൂമി തന്നെയാണെന്നും സംരക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
താൻ മത മേഖലയിൽ വിശ്വസിക്കുന്ന ആളാണ്. വഖഫ് എന്ന വിഷയം മതത്തിൻ്റെ ഭാഗവുമാണ്. വഖഫ് ബോർഡിൽ അംഗമായി വഖഫ് സംരക്ഷണ കാര്യങ്ങളിലും വഖഫ് കയ്യേറ്റങ്ങൾക്കെതിരെയും പ്രവർത്തിക്കും. മുനമ്പം പോലുള്ള സംഭവങ്ങളിൽ വഖഫ് കയ്യേറ്റവും ദുർവിനിയോഗവുമാണ് നടക്കുന്നത്. അത്തരം കാര്യങ്ങളിൽ മതപരമായി അതിൻ്റെ നിലപാട് വ്യക്തമാക്കാനും ഉറക്കെ പറയാനും കിട്ടിയ അവസരം എന്ന നിലയിൽ വഖഫ് ബോർഡ് അംഗമായതിൽ സന്തോഷമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
മുനമ്പം വഖഫ് ഭൂമിയാണെന്നത് വളരെ വ്യക്തമാണ്. അത് കയ്യേറ്റം ചെയ്തതും, കോളേജ് കമ്മറ്റിതന്നെ ഭൂമി വിൽക്കുകയും ചെയ്തത് വളരെ തെറ്റായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസത്തെക്കുറിച്ച് പറഞ്ഞത് ആദർശപരമായ കാര്യമാണ്. സിപിഎം നല്ല കാര്യം ചെയ്താൽ അനുകൂലിക്കും. ഇവിടെ ഇടതുപക്ഷമാണ് ഭരിക്കുന്നത്. പക്ഷെ നിരീശ്വരവാദം നടപ്പിലാക്കുന്ന ഒന്നും ചെയ്തിട്ടില്ല. ഇടത് പക്ഷത്തിൽ കമ്യൂണിസം ഉള്ളതുകൊണ്ട് അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
പാണക്കാട് തങ്ങൾക്കെതിരെ താൻ പറഞ്ഞിട്ടില്ല. എതിരെ പറഞ്ഞു എന്നത് മാധ്യമ സൃഷ്ടിയാണെന്നും ഉമർ ഫൈസി മുക്കം.
Adjust Story Font
16

