Quantcast

'ഞാൻ കറകളഞ്ഞ കമ്യൂണിസ്റ്റുകാരൻ, എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയല്ല': വി. കുഞ്ഞികൃഷ്ണൻ

50 വർഷങ്ങൾക്ക് ശേഷമാണ് പയ്യന്നൂർ എംഎൽഎ പയ്യന്നൂരിൽ ഒരാൾ ജയിക്കുന്നതെന്നും കുഞ്ഞികൃഷ്ണനെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും രമേശ് ചെന്നിത്തല

MediaOne Logo

Web Desk

  • Published:

    16 May 2026 5:03 PM IST

ഞാൻ കറകളഞ്ഞ കമ്യൂണിസ്റ്റുകാരൻ, എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയല്ല: വി. കുഞ്ഞികൃഷ്ണൻ
X

ആലപ്പുഴ: തലസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണത്തിൽ തിരക്കിട്ട ചർച്ചകൾ തുടരുന്നതിനിടെ കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിച്ച് പയ്യന്നൂർ നിയുക്ത എംഎൽഎ വി.കുഞ്ഞികൃഷ്ണൻ. ചെന്നിത്തലയെ കണ്ട് നന്ദി അറിയിക്കാനാണ് താൻ വന്നതെന്നും മന്ത്രി ചർച്ചകളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. 50 വർഷങ്ങൾക്ക് ശേഷമാണ് പയ്യന്നൂർ എംഎൽഎ പയ്യന്നൂരിൽ ഒരാൾ ജയിക്കുന്നതെന്നും കുഞ്ഞികൃഷ്ണനെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

'പയ്യന്നൂർ എംഎൽഎയാണ് തന്നെ കാണാനെത്തിയിരിക്കുന്നത്. 50 വർഷത്തിന് ശേഷമാണ് പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുന്നത്. കുഞ്ഞികൃഷ്ണനെ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. ഞാൻ ഹാപ്പിയാണോയെന്നതിലല്ല, എന്‍റെ ആവശ്യങ്ങളിൽ മറുപടി പറയേണ്ടത് പാർട്ടിയാണ്, മുഖ്യമന്ത്രിയാണ്'. രമേശ് ചെന്നിത്തല പറഞ്ഞു.

കമ്യൂണിസ്റ്റുകാരനല്ലാത്ത സ്ഥാനാർഥിയെന്ന ചെന്നിത്തലയുടെ അഭിസംബോധനയിൽ ചെറിയ തിരുത്തറിയിച്ചാണ് കുഞ്ഞികൃഷ്ണൻ സംസാരിച്ചുതുടങ്ങിയത്. 'ചെന്നിത്തലയോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ട് പറയട്ടെ, ഞാൻ കറകളഞ്ഞ കമ്യൂണിസ്റ്റുകാരൻ തന്നെയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമല്ലാത്തെ കമ്യൂണിസ്റ്റുകാരൻ തന്നെയായ സ്ഥാനാർഥിയാണ് ഞാൻ. ഇതാദ്യമായാണ് കമ്യൂണിസ്റ്റ് പാർട്ടിയുടേതല്ലാത്ത സ്ഥാനാർഥി പയ്യന്നൂരിൽ ജയിക്കുന്നത്. മന്ത്രി ചർച്ചകളിൽ എനിക്ക് യാതൊരു പങ്കുമില്ല. ചെന്നിത്തലയെ കണ്ട് നന്ദി അറിയിക്കാൻ മാത്രമാണ് വന്നത്'. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

ആഭ്യന്തര വകുപ്പ് വേണമെന്നതിനോടൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.

ഇന്നലെ കെ.സി വേണു​ഗോപാലും ദീപാ ദാസ്മുൻഷിയും വി.ഡി സതീശനും നടത്തിയ ചർച്ചയിൽ രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപാധി മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും പുതിയ മന്ത്രിസഭയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി വേണു​ഗോപാൽ. തനിക്കൊപ്പമുള്ള എട്ടുപേരെയാണ് കെ.സി വേണു​ഗോപാൽ മന്ത്രിസഭയിലേക്ക് നിർദേശിച്ചിരിക്കുന്നത്.

എന്നാൽ ഇത്രയും പേരെ നിർദേശിക്കുന്നതിൽ വി.ഡി പക്ഷം കടുത്ത അതൃപ്തിയിലാണ്. സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും കെ.സി പക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ മുഴുവൻ പേരുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

TAGS :

Next Story