Quantcast

'ഈ ചെറിയ കാര്യത്തിനാണ് ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാന്‍ ശ്രമിച്ചത്'; മിഠായി ഡെസ്‌കില്‍ ഇട്ടതിനെ ന്യായീകരിച്ച് മുരളീധരന്‍

നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌കാരം' പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ലെന്നും പരിഹാസം

MediaOne Logo
v muraleedharan facebook post
X

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വി.മുരളീധരന്‍ എംഎല്‍എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ സാമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകവേ ന്യായീകരണവുമായി എംഎല്‍എ. മിഠായി കുട്ടികളുടെ കയ്യില്‍ നല്‍കാതെ എംഎല്‍എ മേശപ്പുറത്ത് ഇട്ടുകൊടുക്കുകയായിരുന്നു. ഇതാണ് വിവാദമായത്. ചെറിയ കാര്യത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് വി.മുരളീധരന്‍ പറയുന്നത്.

'കട്ടേല മോഡല്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് ഞാന്‍ പ്രവേശനോത്സവത്തിന് പോയത് എന്നത് വസ്തുതയാണ്. മറ്റാരും വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതല്ല. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും. കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോ. വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി..! ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചത്' -ദേശാഭിമാനി വാര്‍ത്തയെ വിമര്‍ശിച്ചുകൊണ്ട് മുരളീധരന്‍ പറയുന്നു.

കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാന്‍ ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പില്‍ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ലെന്നും എംഎല്‍എ വിമര്‍ശിച്ചു. നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ലെന്നും വി.മുരളീധരന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. മുരളീധരന്റേത് തരംതാണതും വിവേചനപരമായതുമായ നടപടിയാണെന്നും വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയാണെന്നും വി.ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

വി.മുരളീധരന്റെ പോസ്റ്റ് പൂര്‍ണരൂപം...

കുട്ടികള്‍ക്ക് മിഠായി തട്ടിക്കൊടുത്തു, എംഎല്‍എയ്ക്ക് അയിത്തം ! ദേശാഭിമാനിയുടെ ക്യാപ്‌സൂള്‍ കൊള്ളാം ! കട്ടേല മോഡല്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് ഞാന്‍ പ്രവേശനോല്‍സവത്തിന് പോയത് എന്നത് വസ്തുതയാണ്. മറ്റാരും വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതല്ല. അവിടെ ചെന്നപ്പോള്‍ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും.

കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോ. വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി..! ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചത്. എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാന്‍ ശ്രമിച്ചത് എന്ന് നോക്കൂ. ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങള്‍ ! തിരഞ്ഞെടുപ്പില്‍ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം ! എന്‍ബി: നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് 'സംസ്‌ക്കാരം' പഠിക്കേണ്ട ഗതികേട് തല്‍ക്കാലം ഇല്ല.

TAGS :

Next Story