ഇഡി നോട്ടീസ് സിപിഎമ്മിനെ ഭയപ്പെടുത്താൻ, അതിനപ്പുറത്തേക്ക് പോകില്ല: വി.ഡി സതീശൻ
ഇഡി നോട്ടീസ് തമാശയാണെന്നും മുഖ്യമന്ത്രിയുടെ മകനയച്ച നോട്ടീസ് പറന്നുനടക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കൊല്ലം: മുഖ്യമന്ത്രിക്കെതിരായ ഇഡി നോട്ടീസ് സിപിഎമ്മിനെ ഭയപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നോട്ടീസ് അയച്ചത് മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഭയപ്പെടുത്താനാണെന്നും ഇതിനപ്പുറം ഇഡി ഒന്നും ചെയ്യില്ലെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
കുറച്ചു ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഒരു നോട്ടീസ് പോയിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ല. സിപിഎമ്മിനെ വിധേയരാക്കി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമമാണെന്നും ഭയപ്പെടുത്തുന്നതിന് അപ്പുറത്തേക്ക് നോട്ടീസ് പോകില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
ഏറ്റവും കൂടിയ പലിശയ്ക്കാണ് മസാല ബോണ്ട് കടമെടുത്തത്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ബോണ്ട് എടുത്തത്. എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട കമ്പനിയിൽ നിന്നാണ് ബോണ്ട് എടുത്തതെന്നും എല്ലാം കഴിഞ്ഞ് ലണ്ടനിൽ പോയി മണിയടിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും എല്ലാം പിആർ സ്റ്റണ്ട് മാത്രമായിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു.
അതേസമയം, ഇഡി നോട്ടീസ് തമാശയാണെന്നും മുഖ്യമന്ത്രിയുടെ മകനയച്ച നോട്ടീസ് പറന്നുനടക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. സ്വർണക്കള്ളക്കടത്ത് കേസിലും ഇഡി നോട്ടീസ് അയച്ചു. ഇതെല്ലാം എവിടെയത്തിയെന്ന് ഇഡി പറയണ്ടേ. തെരഞ്ഞെടുപ്പ് കാലത്ത് സഹായിക്കാനുള്ള കേന്ദ്ര കേരള സഹകരണമാണിതെന്നും ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Adjust Story Font
16

