'വെള്ളാപ്പള്ളി ഇടതുമുന്നണിക്കു ബാധ്യതയാകും'; മുന്നറിയിപ്പുമായി സിപിഐ
സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്

പാലക്കാട്: വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്ന് സിപിഐ. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്‍റെ ഭാഗമാണെങ്കിലും അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിനു കീഴിൽ നടക്കുന്നത്.
ഇത്തരത്തിലുള്ളവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിനെതിരെ സംശയമുയരാൻ ഇടയാക്കും. അതിനാൽ വിഷയത്തിൽ അതീവ ജാഗ്രത വേണമെന്നും ചർച്ചയിൽ നിർദേശമുയർന്നു.
സിപിഐക്കാർ പണം വാങ്ങിയെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സിപിഐക്കാർ ഫണ്ട് വാങ്ങിക്കാണും. എന്നാൽ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല. അങ്ങനെ വെള്ളാപ്പള്ളി പറഞ്ഞാൽ പണം തിരികെ നൽകുമെന്നുമാണ് ബിനോയ് പറഞ്ഞത്. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങൾ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞത്. തന്‍റെ നിലപാട് ഞാൻ പറയും. അതിലെ ശരി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16

