Quantcast

'ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണക്കാരൻ ഞാനാണ് എന്ന് പറയുന്നവർ പിണറായി വിരുദ്ധർ, പ്രചരണങ്ങൾക്ക് പിന്നിൽ മുസ്‌ലിം ലീഗ്': വെള്ളാപ്പള്ളി

മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യമെന്നും വെള്ളാപ്പള്ളി

MediaOne Logo

Web Desk

  • Updated:

    2026-05-06 08:44:01.0

Published:

6 May 2026 12:48 PM IST

ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണക്കാരൻ ഞാനാണ് എന്ന് പറയുന്നവർ പിണറായി വിരുദ്ധർ, പ്രചരണങ്ങൾക്ക് പിന്നിൽ മുസ്‌ലിം ലീഗ്: വെള്ളാപ്പള്ളി
X

ആലപ്പുഴ: മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യമെന്നും വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി ആരാണെന്ന് പറയുന്നതിൽ എസ്എൻഡിപിക്ക് യാതൊരു റോളും ഇല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കാമാൻഡ് തീരുമാനിക്കട്ടെ. അതിൽ സമുദായത്തിന് യാതൊരു പങ്കുമില്ലെന്നും വെള്ളാപ്പള്ളി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നല്ലൊരു നേതാവ് ആയിരുന്നു വി.ഡി സതീശൻ. രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്. ഇന്ത്യയിൽ തന്നെ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ആളാണ് കെ.സി വേണുഗോപാൽ. ഇന്ത്യയിലെ അതികായകനാണ് കെ.സി. വേണുഗോപാലിന് താൻ തട്ടും മുട്ടും കൊടുത്തിട്ടുണ്ട്. ഡൽഹിയിൽ ഇരുന്നാലും കെ.സി വേണുഗോപാലിന് കേരളം ഭരിക്കാൻ കഴിയും. അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് താൻ കരുതുന്നില്ല. കേരളത്തിലെ ആകെയുള്ളത് കറുകപ്പുല്ല് മാത്രമാണ്. ആ കറുകപ്പുല്ല് തിന്നാൻ മാത്രം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് കരുതുന്നില്ല. കെ.സി വേണുഗോപാലാണ് കേരളത്തിലെ യുഡിഎഫിന്റെ വിജയ ശില്പി. ഫണ്ടിങ് നടത്തിയതിൽ പ്രധാനി കെ.സി വേണുഗോപാലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയമുണ്ടെന്നും ഏറെ പ്രവർത്തന പാരമ്പര്യവും മെയ് വഴക്കവും ഉള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു വിവാദവും ഉണ്ടാക്കാത്ത ആളാണെന്നും എല്ലാം സഹിച്ചു നിന്നയാളാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വന്നാൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് നേരിടുക നിസാരമാണ്. താൻ ഒരിക്കലും മുസ്ലിം വിരോധിയല്ല. താനാണ് ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണക്കാരൻ എന്ന് പറയുന്നവർ ദുഷ്ടബുദ്ധിയുള്ളവർ. അത്തരം പ്രചരണങ്ങൾക്ക് മുന്നിൽ ലീഗാണ്. ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാൻ നോക്കേണ്ട. എസ്എൻഡിപി എന്ന പ്രസ്ഥാനത്തെ തകർക്കാൻ ആരും നോക്കേണ്ട. കുഞ്ഞാലിക്കുട്ടി തീവ്രവാദി അല്ല. നീതി എല്ലാ വിഭാ​ഗക്കാർക്കും കിട്ടണമെന്ന നിലപാടുള്ള മാന്യനാണ്. മിതവാദിയാണ്. എന്നാൽ കെ. എം ഷാജി തീവ്രവാദിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫ് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുമെന്ന മുൻ നിലപാടിനേയും അദ്ദേഹം തള്ളി പറഞ്ഞു. അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാവുമെന്നും ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ താൻ മണ്ടനാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.


TAGS :

Next Story