'ലീഗിനെ പേടിച്ച് മിണ്ടാനാവാത്ത അവസ്ഥ, എസ്എൻഡിപിക്കെതിരായ സമരങ്ങൾക്ക് അവർ പണം മുടക്കുന്നു': ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി
സിപിഎം നേതാവ് ഷംസീറിന് ലീഗിന്‍റെ മനസ്സെന്നും ചുളുവിൽ നേതാവായ ആളെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും ആരോപണങ്ങളുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിക്കെതിരായ സമരങ്ങൾക്ക് ലീഗ് പണം മുടക്കുന്നുണ്ടെന്നും ലീഗിനെ പേടിച്ച് മിണ്ടാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎം നേതാവ് എ.എൻ.ഷംസീറിനെതിരെയും എസ്എൻഡിപി ജനറൽ സെക്രട്ടറി പരാമർശങ്ങൾ നടത്തുകയുണ്ടായി. ഷംസീറിന്‍റേത് ലീഗിന്‍റെ മനസ്സാണെന്നും ചുളുവിൽ നേതാവായ ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സഖാക്കൾ ഭരണത്തിലിരുന്ന് സുഖിച്ചതിനാലാണ് മൂന്നാം സർക്കാർ വരാഞ്ഞതെന്നും നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവുമാണെന്നും അയാൾ കൂട്ടിച്ചേർത്തു.
'ഒരുപാട് അടിയും ഇടിയുമെല്ലാം കൊണ്ട്, ത്യാഗമനുഭവിച്ച നേതാവാണ് പിണറായി വിജയൻ. ഈ ഷംസീറിനെ പോലുള്ള കുറച്ചുപേർ ഒരു ത്യാഗവും അനുഭവിച്ചിട്ടില്ല. കിട്ടിയ വള്ളത്തിൽ കാലെടുത്തുവെച്ച് ചുളുവിൽ നേതാവായയാളാണ് ഷംസീർ. എൽഡിഎഫിന്‍റെ പരാജയം എന്‍റെ തലയിൽ കെട്ടിവെക്കാൻ ആരും നോക്കണ്ട. സഖാക്കൾ ഭരത്തിൽ സുഖിച്ചതുകൊണ്ടാണ് മൂന്നാം സർക്കാർ വരാതിരുന്നത്. നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവും. തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമെന്ന് വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. പിണറായിയെ നേരിട്ട് പറയാൻ കഴിയാത്തതിനാലാണ് എന്നെ കാരണക്കാരനാക്കാൻ ശ്രമിക്കുന്നത്. ചെയ്യാൻ പറ്റുമായിരുന്ന പല കാര്യങ്ങളും പിണറായി ചെയ്തുതന്നിട്ടില്ലെങ്കിൽ പോലും അദ്ദേഹത്തെ തള്ളിപ്പറയില്ല'. വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എൻഡിപിക്കെതിരായ സമരങ്ങൾക്ക് ലീഗ് പണം മുടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 'ലീഗിന് പേടിച്ച് മിണ്ടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മതം പറഞ്ഞവരെല്ലാം മന്ത്രിമാരായി. ലീഗിനെതിരായ വിമർശനങ്ങൾ മുസ്ലിം സമുദായത്തിനെതിരാക്കി മാറ്റുകയാണവർ'. വെള്ളാപ്പള്ളി ആക്ഷേപിച്ചു.
മുൻ മന്ത്രി കെ.ബി ഗണേഷ്കുമാർ പരനാറിയാണെന്നും ജീവിതത്തിൽ വ്യക്തിശുദ്ധിയില്ലെന്നും ഇയാൾ അധിക്ഷേപിച്ചു. സ്ത്രീവിഷയത്തിലും സാമ്പത്തിക കാര്യങ്ങളിലും കൊള്ളരുതാത്തവനാണെന്നും ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് എൽഡിഎഫ് സർക്കാർ മന്ത്രിസ്ഥാനം നൽകിയതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Watch Video Report:
Adjust Story Font
16

