Quantcast

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവന ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്തത് -എളമരം കരീം

ആ വിഷയത്തിലെ സിപിഎമ്മിൻ്റെ നിലപാടില്‍ ഒരു സംശയം വരാന്‍ ഇടയാക്കരുതായിരുന്നുവെന്നും എളമരം കരീം

MediaOne Logo

Web Desk

  • Published:

    27 May 2026 4:48 PM IST

Vellappallys anti-Malappuram statement can never be justified - Elamaram Kareem
X

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവന ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ഏതെങ്കിലും ഒരു പാര്‍ട്ടിക്കാരെ മാത്രം ബാധിക്കുന്നതല്ല പ്രസ്താവന. ആ വിഷയത്തിലെ നിലപാടില്‍ ഒരു സംശയം സിപിഎമ്മിന്റെ മേല്‍ വരാന്‍ ഇടയാക്കരുതായിരുന്നുവെന്നും എളമരം കരീം 'മീഡിയവണി'നോട് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനയില്‍ സിപിഎം കൃത്യമായ നിലപാട് പറഞ്ഞിരുന്നുവെന്ന് എളമരം കരീം അവകാശപ്പെട്ടു. 'സിപിഎമ്മിന്റെ അക്കാര്യത്തിലെ നിലപാട് അത്ര ശക്തമായി ആളുകള്‍ക്ക് തോന്നിയില്ല. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്ന നിലയില്‍ കൃത്യമായ നിലപാട് സിപിഎം പറഞ്ഞിരുന്നു. വെള്ളാപ്പള്ളി ഒരു സമുദായ നേതാവ് എന്ന ബഹുമാനം നല്‍കിക്കൊണ്ട് കൂടിയാണ് ഇത് പറഞ്ഞത്. എന്നാല്‍, വെള്ളാപ്പള്ളി പറഞ്ഞ കാര്യത്തോട് ഒരിക്കലും യോജിച്ചില്ല. അദ്ദേഹം ഒരു പ്രത്യേക ടൈപ്പാണ്. ആ വിഷയത്തില്‍ ഒരു സംശയം സിപിഎമ്മിന്റെ മേല്‍ വരാന്‍ ഇടയാക്കരുതായിരുന്നു' -എളമരം കരീം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന സിപിഎം നേതാക്കളുടെ പ്രസ്താവനകളോടും എളമരം കരീം പ്രതികരിച്ചു. അത്തരത്തിലുള്ള വിലയിരുത്തല്‍ സിപിഎമ്മിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. 'സിപിഎമ്മിന്റെ നിലപാട് അങ്ങനെ ഏതെങ്കിലും നേതാക്കളോ അംഗങ്ങളോ പറയുന്നതല്ല. സംസ്ഥാന കമ്മിറ്റിയോ കേന്ദ്ര കമ്മിറ്റിയോ പറയുന്നതാണ് പാര്‍ട്ടി നിലപാട്. ആ നിലയില്‍ ഞങ്ങള്‍ വിലയിരുത്തിയിട്ടില്ല. പാര്‍ട്ടിയുടെ വിലയിരുത്തല്‍ ഇപ്പോഴും പൂര്‍ണമായിട്ടില്ല. മുസ്‌ലിംകള്‍ക്ക് ഇടതുപക്ഷത്തോട് വിരോധമുണ്ടെന്ന് പറയാന്‍ പറ്റില്ല. അവര്‍ക്കിടയില്‍ എന്തോ അസംതൃപ്തിയുണ്ടായിട്ടുണ്ടാകാം. ചില പ്രചരണങ്ങളും മാധ്യമപ്രചരണങ്ങളും അതിന് കാരണമായിട്ടുണ്ടാകാം. 1992ല്‍ ബാബരി മസ്ജിദ് പൊളിച്ചപ്പോഴുള്ള ഭീകരത നേരിട്ട് അറിയാവുന്നവരല്ല പുതിയ തലമുറ. അന്ന് ഇടതുപക്ഷമെടുത്ത നിലപാട് ഉള്‍പ്പെടെ വായിച്ചുള്ള അറിവ് മാത്രമേ അവര്‍ക്കുള്ളൂ. അന്ന് മുസ്‌ലിം ലീഗ് കോണ്‍ഗ്രസിന്റെ മുന്നണിയിലായിരുന്നു. എന്നിട്ടും മുന്നണി വിടാനൊന്നും അവര്‍ തയാറായിരുന്നില്ല'- എളമരം കരീം പറഞ്ഞു.

'സിപിഎം ആശയവിനിമയം നടത്തുന്ന സംഘടനകളില്‍ കൂടുതലും മുസ്‌ലിം സംഘടനകളാണ്. ധാരാളം മുസ്‌ലിം കേഡര്‍മാര്‍ സിപിഎമ്മിലുണ്ട്. അവരുമായി സംവേദിക്കുന്ന മാധ്യമങ്ങളില്‍ പലതും സിപിഎമ്മിനെ അനുകൂലിക്കുന്നവരല്ല. സിപിഎമ്മിന്റെ നിലപാടിനെ വക്രീകരിച്ചും ചുരുക്കിയും കാണിക്കുന്ന പ്രവണതയുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന് ആലോചിക്കേണ്ടതുണ്ട്' -എളമരം കരീം പറഞ്ഞു.


TAGS :

Next Story