Quantcast

കെഎസ്ആർടിസി സൗജന്യ യാത്ര: വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ വേണമെന്ന് വി.ടി ബൽറാം

അസന്തുലിതാവസ്ഥ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

MediaOne Logo

Web Desk

  • Published:

    4 Jun 2026 10:50 AM IST

കെഎസ്ആർടിസി സൗജന്യ യാത്ര: വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ വേണമെന്ന് വി.ടി ബൽറാം
X

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി ബൽറാം എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിലവിൽ മലബാർ മേഖലയിൽ കെഎസ്ആർടിസി സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് മൂലം സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയ്യാറാകണമെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.

വി.ടി ബൽറാം ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ മറുപടി നൽകി. വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന വളരെ കുറവാണെന്ന വസ്തുത മന്ത്രി സഭയിൽ സമ്മതിച്ചു. നിലവിലെ കണക്കുകൾ പ്രകാരം കെഎസ്ആർടിസിയുടെ ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവീസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണ്.

മലബാർ മേഖല നേരിടുന്ന ഈ വലിയ യാത്രാ പ്രതിസന്ധിയും വിവേചനവും ഗൗരവമായി കണ്ട് എത്രയും വേഗം പരിഹാരം കാണുമെന്നും, വടക്കൻ ജില്ലകളിൽ കൂടുതൽ സർവീസുകളും ഡിപ്പോ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി സഭയ്ക്ക് ഉറപ്പുനൽകി.

TAGS :

Next Story