സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; ICC അധികാരമുള്ളവരുടെ കയ്യിലെ ഉപകരണമായി മാറിയെന്ന് WCC
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ICC) ഉണ്ടെങ്കിലും അവ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യമാണ് ഡബ്ല്യുസിസി പ്രധാനമായും ഉയർത്തുന്നത്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ യുവനടിയുടെ ലൈംഗികാതിക്രമ പരാതിയുടെ പശ്ചാത്തലത്തിൽ വിമർശനവുമായി വുമൺ ഇൻ സിനിമ കലക്ടീവ് (WCC). ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ നിലനിൽക്കെയും സിനിമാ മേഖലയിൽ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല എന്ന വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ പുതിയ ആരോപണം നൽകുന്നതെന്ന് ഡബ്ല്യുസിസി പ്രതികരിച്ചു. കുറ്റവാളികൾക്ക് ഇത്തരം അതിക്രമങ്ങൾ ചെയ്യാൻ ധൈര്യം ലഭിക്കുന്നത് ഇവിടുത്തെ പരാജയപ്പെട്ട സംവിധാനങ്ങളിൽ നിന്നാണെന്ന് സംഘടന കുറ്റപ്പെടുത്തി.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ICC) ഉണ്ടെങ്കിലും അവ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യമാണ് ഡബ്ല്യുസിസി പ്രധാനമായും ഉയർത്തുന്നത്. ഒരു സിനിമയുടെ സെറ്റിൽ വെച്ച് യുവനടിക്ക് നേരെ ഗുരുതരമായ അതിക്രമം നടന്നിട്ടും അവിടുത്തെ ഐസിസി അംഗങ്ങൾ അത് അറിഞ്ഞില്ല എന്ന് അവകാശപ്പെടുന്നത് വിശ്വസിക്കാനാവില്ല. സിനിമാ വ്യവസായത്തിലെ ശക്തരായവർ എങ്ങനെയാണ് ഇത്തരം സമിതികളെ നിശബ്ദമാക്കുന്നതെന്നും, ഐസിസി എന്നത് വെറും കടലാസ് സംവിധാനമായി ഒതുങ്ങുന്നുവെന്നും ഈ സംഭവം വ്യക്തമാക്കുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഓരോ സെറ്റിലും ഐസിസി ഉറപ്പാക്കാനും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാനും ഡബ്ല്യുസിസി നടത്തിയ പോരാട്ടങ്ങളെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. എന്നിട്ടും പലരും ഐസിയെ ഒരു അനാവശ്യ ബാധ്യതയായാണ് കാണുന്നത്. പോഷ് (POSH) നിയമം അതിന്റെ ശരിയായ അർത്ഥ ത്തിൽ നടപ്പിലാക്കാത്ത കാലത്തോളം ശക്തരായവർ നിയമത്തിന് മുകളിലാണെന്ന് വിശ്വസിക്കുന്നത് തുടരുമെന്നും, സിനിമാ സെറ്റുകൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇടങ്ങളായി നിലനിൽക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യത്തിൽ ആരെയും കാത്തുനിൽക്കാതെ നേരിട്ട് പൊലീസിനെ സമീപിച്ച നടി കാണിച്ച ധൈര്യത്തെ ഡബ്ല്യുസിസി അഭിനന്ദിച്ചു. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച പരാതി പരിഹാര ട്രിബ്യൂണൽ എന്ന നിർദേശം പുതിയ ഫിലിം പോളിസിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ഈ അവസരത്തിൽ പുനഃപരിശോധിക്കപ്പെടണം. അതിജീവിതകൾക്ക് വേണ്ടത് വെറും വാഗ്ദാനങ്ങളല്ല, മറിച്ച് വിശ്വാസവും പിന്തുണയും നീതിയുക്തമായ ഒരു സംവിധാനവുമാണെന്ന് സംഘടന ഓർമിപ്പിച്ചു.
ആത്മാഭിമാനത്തോടെ ജോലി ചെയ്യാവുന്ന സുരക്ഷിതമായ തൊഴിലിടങ്ങൾക്കായി എന്നും 'അവൾക്കൊപ്പം' ഉണ്ടാകുമെന്ന് ഡബ്ല്യുസിസി പ്രഖ്യാപിച്ചു. സിനിമ എന്ന മാധ്യമം സമൂഹത്തിന് മുന്നിൽ മാന്യമായ തൊഴിൽ സംസ്കാരത്തിന്റെ മാതൃകയാകണമെന്നും, അതിനായുള്ള പോരാട്ടത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കിയാണ് സംഘടനയുടെ പ്രതികരണം അവസാനിക്കുന്നത്.
Adjust Story Font
16

