Quantcast

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം; പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി

ആക്ഷേപങ്ങൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളാൻ രാഷ്ട്രപതിയുടെ നിർദേശം

MediaOne Logo

Web Desk

  • Published:

    31 Jan 2026 8:01 PM IST

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം; പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി
X

ഡൽഹി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരായ പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ആക്ഷേപങ്ങൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളാൻ രാഷ്ട്രപതിയുടെ നിർദേശം.

വെള്ളാപ്പള്ളി പത്മ പുരസ്കാരത്തെ അധിക്ഷേപിച്ചയാളും ക്രിമിനൽ കേസിലെ പ്രതിയുമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറാണ് പരാതി നൽകിയത്.

പത്മ പുരസ്കാരങ്ങളെ മുൻപ് മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസ്സിനെ ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒരാൾക്ക് ഉന്നത ബഹുമതി നൽകുന്നത് നിലവിൽ പുരസ്കാരം നേടിയവരോടുള്ള അനാദരവാണെന്നും നിവേദനത്തിൽ പറയുന്നു. കൂടാതെ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നൽകുന്നത് ഉചിതമല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

നേരത്തെ വെള്ളാപ്പള്ളി പത്മ പുരസ്കാരത്തെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ''പത്ഭൂഷണൊക്കെ വല്യ വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷൺ ഏത് പട്ടിക്ക് വേണം, തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല''- എന്നാണ് വെള്ളാപ്പള്ളി ഒരു അഭിമുഖത്തിൽ പറഞ്ഞത്. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകരുതെന്ന് എസ്എൻഡിപി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു.

വെള്ളാപ്പള്ളിക്കും നടൻ മമ്മൂട്ടിക്കുമായിരുന്നു പത്മഭൂഷൺ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, മുൻ സുപ്രിംകോടതി ജഡ്ജി കെ.ടി തോമസ്, ആർഎസ്എസ് പ്രചാരകനും ജന്മഭൂമി മുൻ മുഖ്യപത്രാധിപരുമായ പി.നാരായണൻ എന്നിവർക്കാണ് പത്മവിഭൂഷൺ നൽകിയത്.

TAGS :

Next Story