തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നാല് വനിതകൾ; നേമത്ത് വൈഷ്ണ സുരേഷ് ?
കെപിസിസി ജനറൽ സെക്രട്ടറിയായ രമണി പി. നായരെ വാമനപുരം മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ വൈഷ്ണ സുരേഷിൻ്റെ പേരും കോൺഗ്രസ് പരിഗണനയിൽ. നാല് വനിതകളാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കായി പരിഗണിക്കുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
രമണി പി. നായർ, ഫ്രീഡ സൈമൺ, വീണ എസ്. നായർ എന്നിവരാണ് മറ്റ് പേരുകൾ. കെപിസിസി ജനറൽ സെക്രട്ടറിയായ രമണി പി. നായരെ വാമനപുരം മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗമായ ഫ്രീഡ സൈമണെ പാറശ്ശാല, അരുവിക്കര, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലേക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വീണാ എസ്. നായരെ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കുമാണ് പരിഗണിക്കുന്നത്. ഓരോ ജില്ലയിലും പരിഗണിക്കുന്ന സ്ഥാനാർഥി ലിസ്റ്റിൽ 25 ശതമാനം സ്ത്രീ സംവരണം വേണമെന്ന് എഐസിസി നിർദേശിച്ചിരുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വലിയ വിജയം നേടിയിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് വോട്ടവകാശവും സ്ഥാനാര്‍ഥിത്വവും ലഭിച്ചത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. കോര്‍പ്പറേഷില്‍ കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ കൌൺസിലറാണ്. സംസ്ഥാനത്ത് ഉടനീളം ശ്രദ്ധിക്കപ്പെട്ട സ്ഥാനാർഥിത്വമായിരുന്നു വൈഷ്ണയുടേത്.
Adjust Story Font
16

