ചൂട് ചായ ഊതി ഊതി കുടിക്കുന്നവരാണോ? ഇന്ന് നിങ്ങളുടെ ദിനമാണ്
മേയ് 21 ലോക ചായ ദിനം

- Published:
21 May 2026 11:04 AM IST

ചായയില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടോ? ദിവസവും ഒന്നിലേറെ ചായ കുടിക്കുന്നവരാകും മിക്കവരും. സങ്കടം വന്നാലും സന്തോഷം വന്നാലും ചായ കുടിക്കും. ചൂട് ചായ ഊതിയൂതി കുടിക്കുകയെന്നാല്‍ ഒരു പ്രത്യേക വൈബാണ്. ലൈറ്റ് ചായ, സ്‌ട്രോങ് ചായ, പൊടിച്ചായ, കട്ടന്‍ചായ, മീഡിയം ചായ, അടിച്ച ചായ, അടിക്കാത്ത ചായ, മസാല ചായ, ഏലയ്ക്കാ ചായ തുടങ്ങി ചായയുടെ വൈവിധ്യങ്ങള്‍ അനേകമാണ്. മലയാളികളുടെ പ്രധാന പാനീയമായ ചായയുടെ ദിനമാണിന്ന്. ലോക ചായ ദിനം.
ലോകമെമ്പാടും മിക്കവാറും എല്ലാ നഗരങ്ങളിലും ലഭ്യമായ പാനീയങ്ങളില്‍ ഒന്നാണ് ചായ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിന്നുമാണ് ചായയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ആ പ്രദേശങ്ങളില്‍ തേയില ഉല്‍പ്പാദനം പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങളിലൊന്നാണ്.
മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ലോകമെമ്പാടും ചായയുടെ ജനപ്രീതി കൂടിവരികയാണ്. തൊഴില്‍, സംസ്‌കാരം, ബിസിനസ്സ് എന്നിവയില്‍ ചായയുടെ സ്വാധീനം കണക്കിലെടുത്തുകൊണ്ടാണ് മേയ് 21 ലോക ചായ ദിനമായി ആചരിക്കുന്നത്. 2019 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മേയ് 21 അന്താരാഷ്ട്ര ചായ ദിനമായി പ്രഖ്യാപിച്ചത്. അതേസമയം, ഡിസംബര്‍ 15ഉം അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കാറുണ്ട്. പ്രധാന തേയില ഉത്പാദക രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം, ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്, കെനിയ, മലാവി, മലേഷ്യ, യുഗാണ്‍ഡ, ടാന്‍സാനിയ എന്നിവര്‍ ചേര്‍ന്നാണ് 2005 മുതല്‍ ഡിസംബര്‍ 15 തേയില ദിനമായി ആചരിക്കുന്നത്.
അയ്യായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലാണ് ചായ ജന്മമെടുത്തത് എന്നാണ് കരുതുന്നത്. ചൈനീസ് രാജാവായിരുന്ന ഷെന്‍ നുങ്ങാണ് ചായയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്. ഒരിക്കല്‍ തന്റെ സൈനികര്‍ക്കൊപ്പം ഒരു മരത്തിനടിയില്‍ അഭയം തേടിയതായിരുന്നു ഷെന്‍ നുങ്. അവര്‍ വെള്ളം തിളപ്പിക്കുന്നതിനിടെ കാറ്റില്‍ പറന്നെത്തിയ തേയിലയുടെ ഇലകള്‍ അതിലേക്ക് വീണതോടെയാണ് ആദ്യത്തെ ചായ രൂപംകൊണ്ടതെന്നാണ് കരുതപ്പെടുന്നത്. ഇതുകൂടാതെ മറ്റു പല കഥകളും ചായയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.
തേയില ഉത്പാദനത്തില്‍ ചൈനയാണ് മുന്നില്‍. ആകെ തേയിലയുടെ 50 ശതമാനത്തോളവും ചൈനയിലാണുണ്ടാക്കുന്നത്. 20 ശതമാനം ഉത്പാദനവുമായി രണ്ടാംസ്ഥാനത്ത് ഇന്ത്യയാണ്. കെനിയ, ശ്രീലങ്ക, വിയറ്റ്‌നാം, തുര്‍ക്കിയ എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. അതേസമയം, ഏറ്റവും കൂടുതല്‍ ചായ കുടിക്കുന്നവര്‍ തുര്‍ക്കിയക്കാരാണെന്നാണ് കണക്കുകള്‍. വര്‍ഷം ഒരു തുര്‍ക്കിയക്കാരന്‍ ശരാശരി 1300 കപ്പ് ചായ കുടിക്കുന്നുണ്ട്. രണ്ടാമത് അയര്‍ലന്‍ഡുകാരാണ്- 1200 കപ്പ്. ഇന്ത്യക്കാര്‍ ശരാശരി 700 കപ്പ് ചായയാണ് ദിവസവും കുടിക്കുന്നത്.
ചായയുടെ ഗുണങ്ങള്‍
ദിവസം രണ്ട് കപ്പ് ചായ വരെ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും സ്‌ട്രോക്കിന്റെയും ഹൃദയസ്തംഭനത്തിന്റെയും സാധ്യത കുറയ്ക്കുമെന്നും പുതിയ പഠനം പറയുന്നു. പക്ഷേ, പഞ്ചസാരയോ കൃത്രിമ മധുരങ്ങളോ ചേര്‍ത്താല്‍ ഈ ആരോഗ്യഗുണങ്ങള്‍ നഷ്ടമാകും. ഹൃദയാരോഗ്യം ഗൗരവമായി കാണുന്നവര്‍, ചായ കുടിക്കുന്നത് കുറച്ച് കൂടി ശ്രദ്ധയോടെ വേണം. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച 'ദ റോള്‍ ഓഫ് ടീ ഇന്‍ മാനേജിങ് കാര്‍ഡിയോവാസ്‌കുലര്‍ റിസ്‌ക് ഫാക്ടേഴ്‌സ്' എന്ന പഠനവും, നാന്റോങ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കാര്‍ഡിയോളജി: കാര്‍ഡിയോവാസ്‌കുലര്‍ റിസ്‌ക് ആന്‍ഡ് പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനവും ചായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നവയാണ്. ചായയില്‍ പഞ്ചസാര പാടില്ലെന്നതാണ് രണ്ടു പഠനങ്ങളിലും പറയുന്നത്.
ആന്റിഓക്‌സിഡന്റുകള്‍, പോളിഫിനോളുകള്‍, പ്രത്യേക സസ്യസംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ചായ. യുകെയിലെ 177,000-ലധികം മുതിര്‍ന്നവരില്‍ നാന്റോംഗ് യൂണിവേഴ്‌സിറ്റി നടത്തിയ 13 വര്‍ഷം നീണ്ട പഠനത്തില്‍ ഒരു ദിവസം രണ്ട് കപ്പ് വരെ പഞ്ചസാര ചേര്‍ക്കാത്ത ചായ കുടിക്കുന്നവരില്‍ ഹൃദയസ്തംഭന സാധ്യത 21% കുറവും സ്‌ട്രോക്ക് സാധ്യത 14% കുറവും കൊറോണറി ഹൃദ്രോഗ സാധ്യത 7% കുറവുമാണെന്ന് കണ്ടെത്തി.
Adjust Story Font
16
